ക്രിമിനല്‍ കേസില്‍ പ്രതി; തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു
Kerala Election 2021
ക്രിമിനല്‍ കേസില്‍ പ്രതി; തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 8:28 pm

തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു.

സിറാജ് ദിനപത്രം മാനേജ്മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ശ്രീറാമിനെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷനായി നിയമിച്ചിരുന്നു. ഈ സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ തിരികെ വിളിച്ചിരിക്കുന്നത്.

ക്രിമിനല്‍ കേസില് പ്രതിയായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിയോഗിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇത് ലംഘിച്ചായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം. ശ്രീറാമിനൊപ്പം ആസിഫ് കെ. യൂസുഫിനെയും തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചുവിളിച്ചു.

മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിവില്‍ സര്‍വീസിന് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ചമച്ചതിലാണ് ആസിഫ് കെ യൂസഫ് ക്രിമിനല്‍ കേസ് നേരിടുന്നത്.

ഇരുവര്‍ക്കും പകരം കേരള ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജാഫര്‍ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്.

ശ്രീറാമിന്റെ നിയമനത്തെ തുടര്‍ന്ന് സിറാജ് ഡയറക്ടര്‍ എ. സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sriram Venkataraman has been removed from the post of election observer in Tamil Nadu