കോഴിക്കോട്: സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ). പൊലീസ് കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും കെ.യു.ഡബ്ല്യു.ജെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
‘അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.’
ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് കേസ് മുക്കരുതെന്നും യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നുവെന്നും കെ.യു.ഡബ്ല്യു.ജെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…
ഒരു പാവം മനുഷ്യന്‍ ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങള്‍ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല ഇപ്പോള്‍. പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്.
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം.
എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സംസ്ഥാന സമിതി