ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി, പകരം ഡാല്‍മിയ
DSport
ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി, പകരം ഡാല്‍മിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2013, 6:50 pm

[]ചെന്നൈ: ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍  ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് വിട്ട് നില്‍ക്കാന്‍ എന്‍ ശ്രീനിവാസന്‍ തീരുമാനിച്ചു.

എന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിട്ടില്ല. ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം അവസാനിക്കുന്നത് വരെ  ബി.സി.സി.ഐ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുന്നതായി ശ്രീനിവാസന്‍ അറിയിച്ചു.[]

ബി.സി.സി.ഐ  വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ശ്രീനിവാസനെതിരെ  ഉയര്‍ന്നത്. സ്ഥാനമൊഴി ഞ്ഞില്ലെങ്കില്‍ രാജിവെക്കുമെന്ന് അംഗങ്ങള്‍  ഭീഷണിയുയര്‍ത്തി.

എന്നാല്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീനിവാസന്‍. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും മെയ്യപ്പന് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന ഐ.സി.സിയുടെ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ശ്രീനിവാസന്‍ സമ്മതിച്ചത്.

ശ്രീനിവാസന് പകരം ജഗ്‌മോഹന്‍ ഡാല്‍മിയ വര്‍ക്കിംഗ് ഗ്രൂപ്പ് പ്രസിഡന്റാകുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

വാതുവെപ്പ് വിവാദത്തില്‍ ശ്രീനിവാസന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.സി.സി.ഐ ട്രഷറര്‍ അജയ് ഷിര്‍ക്കെയും സെക്രട്ടറി സഞ്ജയ് ജഗ്ദലയും രാജികത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ അടിയന്തര യോഗം വിളിച്ചത്. ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല കൂടി രാജിവെച്ചതോടെ അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ ശ്രീനിവാസന് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു.

ബി.സി.സി.ഐ സെക്രട്ടറിയുടേയും, ട്രഷററുടേയും രാജിക്കത്ത് സ്വീകരിക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചെങ്കിലും രാജി പിന്‍വലിക്കില്ലെന്ന് ഷിര്‍ക്കെയും ജഗ്ദലയും അറിയിച്ചു.

വാതുവെപ്പുമായി ബന്ധപ്പെട്ട് മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ അറസ്റ്റിലായതോടെയാണ് ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ വാതുവെപ്പ് വിവാദത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജിവെക്കില്ലെന്ന ഉറച്ച് നിലപാടാണ് ശ്രീനിവാസന്‍ ഇതുവരെ സ്വീകരിച്ചിരുന്നത്.