ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസന്‍ രാജിവെക്കണം: രാജീവ് ശുക്ല
India
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിവാസന്‍ രാജിവെക്കണം: രാജീവ് ശുക്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 1:08 pm

[]ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ രാജി വെക്കണമെന്ന് ഐ.പി.എല്‍ ലീഗ് ചെയര്‍മാന്‍ രാജീവ് ശുക്ല.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്ത്  നിന്ന് വിരമിക്കാന്‍ ശ്രീനവാസന് മേല്‍ നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു.[]

ഐ.പി.എല്‍ ചെയര്‍മാനും രാജിവെക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ശ്രീനിവാസന് തല്‍സ്ഥാനത്ത് നിന്ന് രാജിവെക്കാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടാകില്ല.

ഇതിനിടെ ഐ.പി.എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനെതിരായ ആരോപണം അന്വേഷിക്കാന്‍ ബി.സി.സി.ഐ മൂന്നംഗ കമ്മിഷനെ  നിയോഗിച്ചു.

ജസ്റ്റിസ് ടി ജയറാം ചൗട്ട, ജസ്റ്റിസ് ആര്‍ ബാലസുബ്രഹ്മണ്യം, ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ട് സ്വതന്ത്ര അംഗങ്ങളും ഒരു ബി.സി.സി.ഐ അംഗത്തിനേയും സിമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ വാതുവെപ്പിന്റെ പേരില്‍ താന്‍ രാജി വെക്കില്ലെന്ന്  ശ്രീനിവാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, തന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുമെന്നും, മാധ്യമങ്ങള്‍ പറയുന്നതുപോലെ ബി.സി.സി.ഐയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.