| Friday, 24th September 2021, 7:17 pm

എസ്.പി.ബി സാറിന്റെ ആ കഴിവ് മറ്റാരിലും കണ്ടിട്ടില്ല; എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് ശ്രീനിവാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത പേരുകളിലൊന്നാണ് എസ്.പി. ബാലസുബ്രഹ്മണ്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ ലോകവും എസ്.പി.ബിയുടെ സ്വരമാധുര്യം അനുഭവിച്ചവരാണ്.

എസ്.പി.ബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. ഇ.ടൈംസിലെഴുതിയ ലേഖനത്തിലാണ് ശ്രീനിവാസ് എസ്.പി.ബിയെ കുറിച്ച് പറയുന്നത്.

‘ ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ എസ്.പി.ബി സാറിനെ അറിയാം. അദ്ദേഹത്തിന്റെ പാട്ടുകളാണ് ഞാന്‍ ചെറുപ്പത്തിലും കോളേജുകളിലും കൂടുതല്‍ പാടിയിട്ടുള്ളത്.

സിനിമാ ഗാന മേഖലയില്‍ ചുവടുറപ്പിക്കണമെന്ന ആഗ്രഹത്താലാണ് മുംബൈ വിട്ട് ഞാന്‍ ചെന്നൈയില്‍ എത്തുന്നത്.സംഗീത സംവിധായകനായ വിദ്യാസാഗറാണ് അവിടെ വെച്ച് ആദ്യമായി പരിചയപ്പെടുന്നതില്‍ ഒരാള്‍.

ഒരിക്കല്‍ അദ്ദേഹമെന്നെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. ഞാനവിടെ ചെന്നപ്പോള്‍ അവിടെ എസ്.പി.ബി സാറും ഉണ്ടായിരുന്നു.

10 മിനിട്ട് കൊണ്ട് സാര്‍ പാട്ട് പഠിക്കുകയും 15 മിനിട്ട് കൊണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഞാനാകെ അത്ഭുതപ്പെട്ടു പോയി. ഇത്ര പെട്ടന്ന് ആര്‍ക്കെങ്കിലും പാട്ട് പഠിച്ച് പാടാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആരെങ്കിലും ഇത്ര പെട്ടന്ന് ഒരു പാട്ട് പൂര്‍ണമായും പഠിച്ച് പാടുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഇതിന് ശേഷം ഒരുപാട് പരിപാടികള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അദ്ദേഹം പാടി തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആ പാട്ടിലേക്ക് അലിഞ്ഞു ചേരും. ആ കാഴ്ച കാണാന്‍ തന്നെ എന്ത് ചന്തമാണ്.

പ്രതിബദ്ധതയെന്താണെന്ന് ഞാന്‍ പഠിച്ചത് എസ്.പി.ബി സാറില്‍ നിന്നാണ്. പാട്ടില്‍ മാത്രമല്ല, ജീവിതത്തിലും. 4 വര്‍ഷക്കാലം ഞങ്ങളൊന്നിച്ച് ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ഞാന്‍ സാറിനെ കൂടുതല്‍ അറിയുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും അതിനെ മറികടക്കാനുള്ള പരിഹാരവുമായി സാര്‍ എത്തുമായിരുന്നു.

കഴിഞ്ഞ വര്‍ഷം അദ്ദേഹം നമ്മളെ വിട്ട് പോയെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്ത, അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. നമുക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.

ഞാനെപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു താങ്കള്‍ ഒരു അത്ഭുതമാണെന്ന്. ചിരിച്ചുകൊണ്ട് എനിക്ക് ദൈവം വരം തന്നിട്ടുണ്ടെന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു. ശരിയായിരിക്കാം, അദ്ദേഹം ദൈവത്തിന്റെ പ്രസാദം ലഭിച്ച വ്യക്തി തന്നെയാണ്,’ എന്നാണ് ശ്രീനിവാസ് എസ്.പി.ബിയെ കുറിച്ച് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Srinivas about SP Balasubramanyam

We use cookies to give you the best possible experience. Learn more