കെ. ജി. എഫിലൂടെ സിനിമ ഇൻഡസ്ട്രിയിൽ തരംഗം സൃഷ്‌ടിച്ച നടിയാണ് ശ്രീനിധി ഷെട്ടി. റീന എന്ന കഥാപാത്രമായി അഭിനയ രംഗത്തു തുടക്കം കുറിച്ച നടി മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ്.
തനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും പൃഥ്വിരാജ് കൂടെ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടി. മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ധാരാളം നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഞാൻ പൃഥ്വിരാജിനെ ബാംഗ്ലൂരിൽ വെച്ചു കണ്ടിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് പൃഥ്വിരാജ് വന്നിരുന്നു. ആൻഡ് ഹി ഈസ് വെരി സ്വീറ്റ് ആൻഡ് ലവ്‌ലി.
ഞാൻ ലൂസിഫറിന്റെ വലിയ ഫാനാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ലൂസിഫർ 2 നു വേണ്ടിയുള്ള മാരക വൈറ്റിംഗിൽ ആണെന്ന്. പെട്ടെന്ന് തന്നെ റിലീസ് ചെയ്യൂ എന്ന്. ലൂസിഫർ ഞാൻ തിയേറ്ററിൽ പോയാണ് കണ്ടത്. അതിന്റെ വർക്കിലാണെന്നും റിലീസ് ചെയ്യാൻ ആയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്,’ ശ്രീനിധി പറഞ്ഞു.
ചാർളി സിനിമ കണ്ടതിനെ കുറിച്ചും ശ്രീനിധി ഷെട്ടി സംസാരിക്കുന്നുണ്ട്. ‘ഞാൻ ആദ്യം കണ്ട ദുൽഖർ സൽമാന്റെ സിനിമ ചാർളിയാണ്. ആ സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനെയും വളരെ ഇഷ്ടമായി.
മാത്രവുമല്ല എന്റെ എല്ലാ ഹോസ്റ്റൽ മേറ്റ്സിനെയും ചാർളി കാണാൻ വേണ്ടിയും ഞാൻ നിർബന്ധിച്ചിരുന്നു. എനിക്ക് മലയാളം സിനിമകളോട് നല്ല താല്പര്യമുണ്ട്. കുറെ നല്ല സിനിമകൾ നമുക്ക് മലയാളം മൂവി ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നുമുണ്ട്. മലയാളികൾ തരുന്ന സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ മലയാളം സംസാരിക്കുന്ന ചെറിയ കട്ടുകൾ ഒരുപാട് പേർ ഷെയർ ചെയ്‌ത് കണ്ടിരുന്നു,’ എന്നും ശ്രീനിധി ഷെട്ടി കൂട്ടിച്ചേർത്തു
കോബ്രയാണ് ശ്രീനിധിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിക്രം നായകനാവുന്ന ഈ സിനിമയിൽ മലയാളിയായാണ് ശ്രീനിധി ഷെട്ടി എത്തുന്നത്.
Content Highlight: Srinidhi Shetty says that she is waiting for Empuran