| Friday, 13th October 2023, 4:25 pm

കെ.ജി.എഫ് 2വിനായി ശ്രീനിധി ഷെട്ടി നിരസിച്ചത് മൂന്ന് ഭാഷകളിലെ ഏഴ് ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ സിനിമ ഇന്‍ഡസ്ട്രിയെ ഇന്ത്യക്ക് മുന്നിലേക്ക് പ്രതിഷ്ഠിച്ച ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. യഷ് നായകനായ ചിത്രം ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരു പുതിയ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം 1200 കോടിയാണ് കളക്ട് ചെയ്തത്.

പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ സ്‌കെയിലിലാണ് നിര്‍മിച്ചത്. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ വന്‍വിജയം മറ്റ് ബിഗ് ബജറ്റ് പ്രൊജക്ടുകളെയും സ്വാധീനിച്ചു. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയല്‍ സമവാക്യങ്ങളെ മാറ്റിമറിച്ച കെ.ജി.എഫിന് രാജ്യമെങ്ങും വലിയ ഫാന്‍ബേസാണ് ഉണ്ടായത്.

ശ്രീനിധി ഷെട്ടിയാണ് കെ.ജി.എഫ് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും നായികയായത്. 2016ല്‍ നടന്ന മിസ് സൂപ്പര്‍നാഷണല്‍ പേഗന്റ് പട്ടം നേടിയ ശ്രീനിധിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു കെ.ജി.എഫ്. കെ.ജി.എഫ് ചാപ്റ്റര്‍ ടൂവിനായി ശ്രീനിധി ഷെട്ടി മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ ഏഴ് ചിത്രങ്ങളായിരുന്നു നിരസിച്ചത്.

കെ.ജി.എഫിന്റെ വിജയത്തോടെ ശ്രീനിധി കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് താരത്തിന് നിരവധി ഓഫറുകളാണ് തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കെ.ജി.എഫ് രണ്ടാം ഭാഗം നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു. ഷൂട്ട് നേരത്തെ പൂര്‍ത്തിയാക്കാനായി നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. പുതിയ പ്രൊജക്ടുകളുടെ ഡേറ്റ് കെ.ജി.എഫ് 2 ഷൂട്ട് നടക്കുന്ന സമയത്ത് തന്നെയായിരുന്നു. മറ്റൊരു വഴിയുമില്ലാതെ ശ്രീനിധി പുതിയ ചിത്രങ്ങളുടെ ഓഫറുകള്‍ നിരസിച്ചു.

കന്നഡയില്‍ നിന്ന് മൂന്നും തമിഴിലും തെലുങ്കിലുമായി രണ്ട് വീതം ചിത്രങ്ങളുമാണ് ശ്രീനിധി നിരസിച്ചത്. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം വിക്രത്തിന്റെ ബിഗ് ബജറ്റ് ചിത്രം കോബ്രയിലും ശ്രീനിധി അഭിനയിച്ചിരുന്നു.

Content Highlight: Srinidhi Shetty rejected seven films in three languages ​​for KGF 2

We use cookies to give you the best possible experience. Learn more