Advertisement
Daily News
'തലയെ കൈവിട്ട് തമിഴ് ജനതയും'; ശ്രീനിവാസനേയും ധോണിയേയും കെട്ടിച്ച് വിട്ട് തമിഴര്‍; ചെന്നൈ തെരുവിലെങ്ങും 'ശ്രീനി വെഡ്ഡ്‌സ് മഹി' കാര്‍ഡ് ഒട്ടിച്ച ടാക്‌സികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 12, 02:14 pm
Sunday, 12th November 2017, 7:44 pm

ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ ഉടമയും തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനുമായിരുന്ന എന്‍.ശ്രീനിവാസനും തമ്മിലുള്ള അടുപ്പം വളരെ പ്രശസ്തമാണ്. തങ്ങള്‍ക്ക് പരസ്പരമുള്ള ബഹുമാനവും ആദരുവുമെല്ലാം ഇരുവരും പലവട്ടം തുറന്നു പറഞ്ഞതുമാണ്. പക്ഷെ ഇപ്പോഴിതാ ചെന്നൈ ടീമിന്റെ തല ട്രോളി തമിഴ്ജനത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതിന് കാരണമോ ശ്രീനിവാസനോടുള്ള ബന്ധവും.

ധോണിയേയും ശ്രീനിവാസനേയും കെട്ടിച്ചു വിട്ടാണ് തമിഴ് ജനതയുടെ പരിഹാസം. ശ്രീനി വെഡ്‌സ് മഹി എന്നെഴുതിയ കാര്‍ഡ് ഒട്ടിച്ച നിരവധി ടാക്‌സികളാണ് ഇപ്പോള്‍ ചെന്നൈ നഗരത്തിലും മറ്റുമായി ഓടിക്കൊണ്ടിരിക്കുന്നത്. നേരത്തെ ശശികലയുടെ അടുത്ത ആളുകളുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ നിന്നും ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്‌സ് രക്ഷപ്പെട്ടത് കഷ്ടിക്കായിരുന്നു.

Srini weds Mahi

ധോണിയെ പലപ്പോഴും രക്ഷിച്ചിട്ടുള്ളയാളാണ് ശ്രീനിവാസന്‍. 2012 ല്‍ ധോണിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ നാഷണല്‍ സെലക്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ് തീരുമിച്ചിരുന്നു. എന്നാല്‍ അന്ന് ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശ്രീനിവാസന്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയുകയായിരുന്നുവെന്ന് അമര്‍നാഥ് വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രജ്ദീപ് സര്‍ദ്ദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

” അതെ, ശരിയാണ്. ധോണിയെ നായകസ്ഥാനത്തു നിന്നും പുറത്താക്കാനുള്ള തീരുമാനത്തെ ഞാന്‍ വീറ്റോ ചെയ്തു. ലോകകപ്പ് നേടി തന്ന നായകനെ ഒരു വര്‍ഷത്തിനകം എങ്ങനെ പുറത്താക്കും? ” ശ്രീനിവാസന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. നിങ്ങളതിനെ പ്രത്യേക താല്‍പര്യമെന്നായിരിക്കും വിളിക്കുക, എന്നാല്‍ ഞാന്‍ വിളിക്കുക ടോപ്പ് ക്ലാസ് ക്രിക്കറ്ററോടുള്ള ബഹുമാനം എന്നാണെന്നും ശ്രീനിവാസന്‍ പറയുന്നു.


Also Read: ‘ദൈവാനുഗ്രഹമില്ലാത്ത’ താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്’; വിരമിക്കാന്‍ പറഞ്ഞ അജിത് അഗാര്‍ക്കറിന് മറുപടിയുമായി ധോണി


“അദ്ദേഹത്തിന്റെ കളിയെ ഞങ്ങള്‍ അംഗീകരിച്ചു. തിരിച്ച് അദ്ദേഹം ബഹുമാനം തന്നു. അതിലെന്താണ് തെറ്റുള്ളത്.?” ശ്രീനിവാസന്‍ ചോദിക്കുന്നു. ശ്രീനിവാസനെ പ്രതിരോധിച്ച് ധോണിയും രംഗത്തെത്തിയതായും പുസ്തകത്തില്‍ പറയുന്നുണ്ട്.
ആളുകള്‍ പറയുന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും ക്രിക്കറ്റ് താരങ്ങളെ സഹായിക്കുന്നയാളാണ് ശ്രീനിവാസന്‍ എന്നും ധോണി പറഞ്ഞതായാണ് പുസ്തകത്തില്‍ പറഞ്ഞിരുന്നു.

ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തിന് പിന്നാലെ ധോണിയ്ക്കെതിരേയും ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദവും സംശയത്തിന്റെ നിഴലിലായത്.