| Friday, 18th October 2024, 11:53 am

എല്ലാവരും ഒരു തവണയെങ്കിലും ജീവിതത്തില്‍ കേട്ടിട്ടുള്ള എന്റെ ഡയലോഗ്; ഇന്നത് ഡെയ്‌ലി യൂസേജായി: ശ്രിന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രിന്ദ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത് 2010ല്‍പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ശ്രിന്ദ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരി ആയിട്ടാണ് നടി എത്തിയത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാനും ശ്രദ്ധിക്കപ്പെടാനും ശ്രിന്ദക്ക് സാധിച്ചിരുന്നു. നടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒരു കഥാപാത്രമാണ് സുശീല. 1983 എന്ന നിവിന്‍ പോളി ചിത്രത്തിലായിരുന്നു ശ്രിന്ദ സുശീലയായി എത്തിയത്.

ആ സിനിമയിലെ ‘മേക്കപ്പ് കൂടി പോയോ ചേട്ടാ’ എന്ന ഡയലോഗ് ഇന്നും ആളുകള്‍ പരസ്പരം ചോദിക്കുന്ന ഒരു ഡയലോഗാണ്. അത്തരത്തില്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് ശ്രിന്ദ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘അന്നത്തേക്കാള്‍ ആ ഡയലോഗ് ഇന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കാരണം അന്ന് അത്രയും സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല, കുറവായിരുന്നു. പിന്നെ ആ ഡയലോഗിനെ കുറിച്ച് ചോദിച്ചാല്‍, എന്നോട് ആളുകള്‍ മേക്കപ്പ് കൂടിയോയെന്ന് ചോദിക്കാറില്ല, കുറച്ച് കുറഞ്ഞെന്ന് പറഞ്ഞിട്ടുണ്ടെങ്കിലേയുള്ളൂ.

എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള മിക്ക മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഈ ഡയലോഗിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മിക്കപ്പോഴും അവര്‍ ഒരുക്കുന്ന ബ്രൈഡ്‌സിന്റെ ഫാമിലിയില്‍ ഉള്ളവര്‍ വന്നിട്ട് മേക്കപ്പ് കുറച്ച് കൂടുതലാണോ എന്ന് ചോദിക്കാറുണ്ടത്രേ.

ഈ ഡയലോഗ് ഇപ്പോള്‍ ഒരു ഡെയ്‌ലി യൂസേജായി മാറിയിട്ടുണ്ട്. ജീവിതത്തില്‍ ഏതെങ്കിലും ഒരു ഫേസില്‍ ആരെങ്കിലുമൊക്കെ നമ്മളോട് ഇത് ചോദിച്ചിട്ടുണ്ടാകും. പിന്നെ ഒന്ന് ഒരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ തമാശക്കാണെങ്കിലും വെറുതെ ചോദിക്കുമല്ലോ.

എനിക്ക് അതില്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അത്തരത്തില്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. അത് എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അതാണ് സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ,’ ശ്രിന്ദ പറയുന്നു.

2014ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് 1983. 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജയവും രമേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിലൂടെ പറഞ്ഞത്.

നിവിന്‍ പോളി നായകനായ സിനിമക്കായി ശ്രിന്ദക്ക് പുറമെ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ജോയ് മാത്യു, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ദിനേശ്, സുയി ജോസഫ്, നീരജ് മാധവ്, സഞ്ജു എന്നിവരാണ് ഒന്നിച്ചത്.


Content Highlight: Srinda Talks About Her Dialogue in 1983 Movie

Video Stories

We use cookies to give you the best possible experience. Learn more