| Thursday, 10th October 2024, 12:23 pm

ഞാന്‍ വളരെ സീരിയസായി ചെയ്ത സിനിമ; അവസാനം അത് കോമഡിയായി മാറി: ശ്രിന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രിന്ദ. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത് 2010ല്‍ ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെയാണ് ശ്രിന്ദ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരി ആയിട്ടാണ് നടി എത്തിയത്.

പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച ശ്രിന്ദയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് 1983യിലേത്. 2014ല്‍ പുറത്തിറങ്ങിയ ഈ നിവിന്‍ പോളി ചിത്രത്തില്‍ സുശീല എന്ന കഥാപാത്രമായാണ് ശ്രിന്ദ എത്തിയത്. ഇപ്പോള്‍ തന്റെ കോമഡി ടൈമിങ്ങിനെ കുറിച്ച് പറയുകയാണ് നടി. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

‘ഡയറക്ടര്‍ പറയുന്നത് ചെയ്യുക എന്നതാണ് കാര്യം. അതിന് അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ചില സ്‌പേസുകളില്‍ നമ്മള്‍ അറിയാതെ സ്വയം സംഭവിക്കുന്നതാണ്. പിന്നെ ഞാന്‍ ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് അത്രക്ക് ചിന്തിക്കുന്ന ആളൊന്നുമല്ല.

മറ്റുള്ളതിനെ വെച്ച് നോക്കുമ്പോള്‍ ഹാസ്യം എനിക്ക് കുറച്ച് കൂടെ നന്നായി ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. എനിക്ക് ശരിക്കുമുള്ള എന്റെ കഴിവ് ഇതുവരെ പ്രകടിപ്പിക്കാന്‍ പറ്റിയിട്ടില്ല (ചിരി). 1983യിലൊക്കെ അങ്ങനെയുള്ള കഥാപാത്രം കിട്ടിയത് കൊണ്ടാണ് ചെയ്യാന്‍ സാധിച്ചത്.

ആദ്യം നല്ല വേഷം കിട്ടണമല്ലോ. ആ സിനിമയൊക്കെ കിട്ടിയത് തന്നെ വലിയ കാര്യമാണ്. നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സ്‌പേസിലായിരുന്നു ആ അവസരം എനിക്ക് കിട്ടിയത്. അത് എന്റെ ഒറ്റക്കുള്ള പരിശ്രമം ആയിരുന്നില്ല. എന്റെ ഓപ്പോസിറ്റ് നിന്ന ആളുടെ കൂടെ പരിശ്രമമാണ്.

ആ സമയത്ത് സീനില്‍ എല്ലാം വര്‍ക്കായെങ്കില്‍ മാത്രമേ നടക്കുകയുള്ളൂ. പിന്നെ ആ സിനിമയില്‍ കോമഡി എന്ന് പറഞ്ഞല്ലല്ലോ ചെയ്തത്. നമ്മള്‍ വളരെ സീരിയസായി ചെയ്തതാണ്. പക്ഷെ അത് കോമഡിയായി മാറുകയായിരുന്നു,’ ശ്രിന്ദ പറയുന്നു.


Content Highlight: Srinda Talks About 1983 Movie’s Character

We use cookies to give you the best possible experience. Learn more