| Thursday, 16th May 2019, 11:14 am

കാശ്മീരില്‍ മൂന്ന് വയസുകാരിയ്‌ക്കെതിരായ ലൈംഗിക അക്രമം: പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കാശ്മീരില്‍ മൂന്നുവയസുകാരിയെ ലൈംഗികമായി ആക്രമിച്ചതിനെതിരായ പ്രതിഷേധത്തിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു യുവാവ് മരണപ്പെട്ടത്.

അഷര്‍ ദര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനിടെ അഷറിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു.

ലൈംഗിക അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിക്കുകയും തെരുവുകള്‍ കയ്യടക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച പ്രതിഷേധക്കാര്‍ ശ്രീനഗര്‍ ബാരാമുള്ള ഹൈവേ ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 45 സുരക്ഷാ ജീവനക്കാര്‍ക്കും പ്രദേശവാസികളായ ഏഴുപേര്‍ക്കുമാണ് പരുക്കേറ്റത്.

മെയ് എട്ടിനാണ് മൂന്നുവയസുകാരി ലൈംഗിക അക്രമത്തിനിരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായിരുന്ന 27 കാരനായ യുവാവ് എടുത്തുകൊണ്ടുപോകുകയും വീടിന് സമീപത്തായുള്ള സ്‌കൂളില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സ്‌കൂളിലെ ടോയ്ലറ്റില്‍ കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.

വീട്ടില്‍ നിന്നും തന്നെ എടുത്തുകൊണ്ടുപോയ ആളെ കുട്ടി തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുംബാലിലെ കാര്‍ മെക്കാനിക് കടയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

അതേസയമം 27 വയസായ യുവാവിന് ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്നും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവിന് 19 വയസുമാത്രമാണ് പ്രായമായത് എന്ന രീതിയില്‍ ഇസ്ലാമിക് ഫൗണേഷന്‍ ട്രസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവം വാര്‍ത്തയായതിന് പിന്നാലെ ശ്രീനഗറിലും കാശ്മീരിലുമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നിരവധി പേര്‍ തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടു.. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ കല്ലെറിഞ്ഞുകൊല്ലണമെന്നായിരുന്നു ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററില്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് കാമ്പയിനും സജീവമാണ്.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ അധികാരികള്‍ തന്നെ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more