national news
ഖുർആനും ഹിജാബും വിതരണം ചെയ്തു; മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗർ പൊലീസ്, പ്രതിഷേധത്തിന് പിന്നാലെ വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 01:59 am
Tuesday, 25th February 2025, 7:29 am

ശ്രീനഗർ: ശ്രീനഗറിലെ രാജ്ബാഗ് നഗരത്തിൽ ഖുർആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പൊലീസ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഖുർആൻ പകർപ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകൾ ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകൾ ഖുർആൻ വിതരണം ചെയ്തത്.

റമദാൻ മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സമൂഹ സേവന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

സംഭവത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഭവം വലിയ ശ്രദ്ധ നേടി.

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവും പുൽവാമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമർശിക്കുകയും ഖുർആൻ സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങൾ പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.

‘റംസാന് മുന്നോടിയായി വിശുദ്ധ ഖുർആൻ വിതരണം ചെയ്തതിന് രാജ്ബാഗിൽ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുർആൻ നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗർ പൊലീസിനോട് അഭ്യർത്ഥിക്കുന്നു,’ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയിൽ സംശയം തോന്നിയതിനാൽ ശ്രീനഗർ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേർത്തു.

‘ശ്രീനഗർ പൊലീസ് പരിശോധിച്ചു. മൂന്ന് പെൺകുട്ടികളും വീട്ടിൽ സുരക്ഷിതരാണ്. വിശുദ്ധ ഖുർആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകൾ കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,’ അദ്ദേഹം എഴുതി.

കശ്മീർ താഴ്‌വരയിലുടനീളം വൻതോതിലുള്ള തിരച്ചിൽ നടത്തി ശ്രീനഗർ പൊലീസ് കശ്മീർ  ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങൾ പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

 

Content Highlight: Srinagar police detain 3 women for distributing Quran, hijabs; released later