| Sunday, 28th August 2022, 2:22 pm

ഇന്ത്യാ- പാക് മത്സരം കൂട്ടംചേര്‍ന്ന് കണ്ടാല്‍ 5000 രൂപ പിഴ; ഉത്തരവുമായി ശ്രീനഗര്‍ എന്‍.ഐ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ഞായറാഴ്ച വൈകീട്ട് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ- പാക് മത്സരം കൂട്ടംചേര്‍ന്ന് കാണരുതെന്ന ഉത്തരവുമായി ശ്രീനഗര്‍ എന്‍.ഐ.ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി).

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സംഘം ചേര്‍ന്ന് കാണരുതെന്നും മാച്ച് സംബന്ധിച്ച ഒന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നുമാണ് എന്‍.ഐ.ടി അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ വിഭാഗം ഡീന്‍ ആണ് നിര്‍ദേശം അടങ്ങിയ നോട്ടീസ് പുറത്തിറക്കിയത്. മാച്ച് സമയത്ത് തങ്ങള്‍ക്ക് അനുവദനീയമായ മുറികളില്‍ തന്നെ തുടരണമെന്നും വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ സ്വന്തം മുറികളില്‍ തന്നെ തുടരണമെന്നും മറ്റ് മുറികളിലുള്ള വിദ്യാര്‍ത്ഥികളെ തങ്ങളുടെ മുറികളിലേക്ക് പ്രവേശിപ്പിക്കുകയോ കൂട്ടം ചേര്‍ന്ന് മത്സരം കാണുകയോ ചെയ്യരുതെന്നുമാണ് നിര്‍ദേശം.

”ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയുമായിരിക്കും. സ്പോര്‍ട്സ് ഒരു ഗെയിമായി കണക്കിലെടുക്കണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ / ഹോസ്റ്റലില്‍ ഒരു തരത്തിലുള്ള അച്ചടക്കലംഘനവും ഉണ്ടാക്കരുതെന്നും ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്നു,” നോട്ടീസില്‍ പറയുന്നു.

”ഒരു പ്രത്യേക മുറിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സരം കാണുന്നതായി കണ്ടെത്തിയാല്‍, ആ മുറി ആര്‍ക്കാണോ അനുവദിച്ചിരിക്കുന്നത് ആ വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലില്‍ നിന്ന് ഡീബാര്‍ ചെയ്യുകയും മത്സരം കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 5,000 രൂപ പിഴ ചുമത്തുകയും ചെയ്യും,” നോട്ടീസില്‍ വ്യക്തമാക്കുന്നു.

Content Highlight: Srinagar NIT Order says 5,000 Fine For those who watch India-Pak Match in groups

We use cookies to give you the best possible experience. Learn more