വിരാട് കോഹ്‌ലിയോ ബാബര്‍ അസമോ…ആരാണ് മികച്ച കളിക്കാരന്‍ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇരുവരും മികച്ച ബാറ്റര്‍മാരും ഇതിനകം ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയവരുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോഹ്‌ലിയുടെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും അഫ്ഗാനെതിരായ മത്സരത്തില്‍ സെഞ്ച്വറി തികച്ച് ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതേസമയം പാകിസ്ഥാന്റെ ബാബര്‍ അസം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച ബാറ്റിങ്ങിലൂടെ ആരാധകരെ അമ്പരപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.
വിരാട് കോഹ് ലിയും ബാബര്‍ അസമും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ.
വിരാട് കോഹ്‌ലിയാണ് ജയസൂര്യയുടെ കാഴ്ചപ്പാടില്‍ മികച്ച താരം. തന്റെ മകന്റെ ഇഷ്ടതാരവും വിരാട് കോഹ്ലി തന്നെയാണെന്ന് ജയസൂര്യ തുറന്ന് പറയുന്നു. ‘എനിക്ക് വിരാട് കോഹ്ലിയെ ഇഷ്ടമാണ്. അദ്ദേഹം എന്റെയും എന്റെ മകന്റെയും പ്രിയപ്പെട്ട കളിക്കാരനാണ്,’ ജയസൂര്യ പറഞ്ഞു. അസം ബാബര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
താന്‍ എല്ലായിപ്പോഴും ബാബറുമായി നല്ല സൗഹൃദം സൂക്ഷിക്കാറുണ്ടെന്ന് അടുത്തിടെ കോഹ്‌ലി പറഞ്ഞിരുന്നു. എല്ലായിപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ബാബറെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
2019ലെ ലോകകപ്പ് മത്സരത്തിനു ശേഷം ബാബറുമായി സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാ ഫോര്‍മാറ്റിലും മികച്ച കളി കാഴ്ചവെക്കുന്നതില്‍ തനിക്ക് അതിശയമില്ലെന്നും മികച്ച പ്രതിഭയുള്ള കളിക്കാരനാണ് ബാബറെന്നും കോഹ് ലി അഭിനന്ദിച്ചു സംസാരിച്ചിരുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി അതിഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഫോറുകളും സിക്‌സറുകളുമായി കോഹ് ലി കളം നിറഞ്ഞാടുകയായിരുന്നു. 276 റണ്‍സ് നേടിയ കോഹ്‌ലി നിലവില്‍ മള്‍ട്ടി-നേഷന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്. ഫൈനല്‍ കാണാതെ ഇന്ത്യ മടങ്ങിയെങ്കിലും കോഹ് ലി തന്റെ ഉഗ്രന്‍ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
ഏഷ്യാ കപ്പിലെ മിന്നുന്ന പ്രകടനത്തോടെ കോഹ്‌ലി ലോകകപ്പിലും തിളങ്ങുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും കോഹ് ലിയുടെ ബാറ്റിലേക്ക് തന്നെയായിരിക്കും ക്രിക്കറ്റ് ലോകത്തിന്റെ നോട്ടം.
Content Highlight: Srilankan player Jayasurya says Virat is best player compared to Babar Azam