| Monday, 8th August 2022, 10:42 pm

ആ രാജ്യത്തിലേക്ക് ഇനിയില്ല; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും മുങ്ങി ശ്രീലങ്കന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ശ്രീലങ്കിന്‍ താരങ്ങളെ കാണാനില്ല. ഒമ്പത് അത്‌ലറ്റുകളും ഒരു മാനേജറും മത്സരങ്ങള്‍ക്ക് ശേഷം മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ യു.കെയില്‍ ഒളിച്ചു താമസിക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂഡോ താരം ചമില ദിലാനി, മനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെ കഴിഞ്ഞ ആഴ്ച മുതലാണ് കാണാതായത്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഏഴ് ലങ്കന്‍ താരങ്ങളെ കൂടെ കാണാതാകുകയായിരുന്നു. സ്വന്തം രാജ്യത്തെ ജീവിത സാഹചര്യങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ താരങ്ങളെത്തിയതെന്നാണ് സൂചന.

തൊഴില്‍ കണ്ടെത്തി യു.കെയില്‍ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പുവരുത്താന്‍ താരങ്ങളുടെ പാസ്‌പോര്‍ടുകളെല്ലാം അധികൃതര്‍ വാങ്ങിവെച്ചിരുന്നു. എന്നാല്‍ ഇതിനെയും മറികടന്നാണ് താരങ്ങള്‍ മുങ്ങിയത്. ആദ്യം കാണാതായ മൂന്ന് പേരെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആറ് മാസത്തെ വിസ ഉള്ളതിനാല്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ല.

വിദേശ മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുന്ന താരങ്ങളെ കാണാതെ പോകുന്നത് ആദ്യമായല്ല. 2021ല്‍ നോര്‍വേയില്‍ പോയ ലങ്കന്‍ ടീമില്‍ നിന്നും, 2014ല്‍ ദക്ഷിണ കൊറിയയില്‍ പോയ ടീമില്‍ നിന്നും താരങ്ങളെ കാണാതെ പോയിട്ടുണ്ട്.

2004ല്‍ ജര്‍മനിയില്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിനെത്തിയ 23 അംഗ ലങ്കന്‍ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ഹാന്‍ഡ്‌ബോളിന് ടീമില്ലായിരുന്നു എന്നുള്ളത് മറ്റൊരു സത്യം.

Content Highlights: Srilankan Player eloped during commonwealth games

We use cookies to give you the best possible experience. Learn more