| Tuesday, 25th August 2015, 3:09 pm

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുനേരെ ശ്രീലങ്കയുടെ ആക്രമണം; 12 പേര്‍ക്കു പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമേശ്വരം: കടലില്‍ മത്സ്യബന്ധനത്തിനുപോയ മീന്‍പിടുത്തക്കാരെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി ആരോപണം. സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ 12 മീന്‍പിടുത്തക്കാര്‍ക്ക് പരിക്കുപറ്റുകയും ഇരുപതോളം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് ബോട്ടുകളിലൊന്ന് മുങ്ങിത്താണപ്പോള്‍ അതിലെ മത്സ്യത്തൊഴിലാളികള്‍ മറ്റൊരു ബോട്ടില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനയുടെ പ്രസിഡന്റായ സഹായരാജ് പറഞ്ഞു. ഏഴു ബോട്ടുകളിലായി മത്സ്യബന്ധനബോട്ടുകളെ സമീപിച്ച ശ്രീലങ്കന്‍ നാവികസേന, തൊഴിലാളികളില്‍ ചിലരെ വിവസ്ത്രരാക്കിയ ശേഷം വടിയും കല്ലുമുപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും സഹായരാജ് ആരോപിച്ചു.

പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 531 ബോട്ടുകളില്‍ സംഘമായി കടലില്‍പ്പോയ തൊഴിലാളികളികളില്‍ ചിലര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും തമിഴ്‌നാട്, പുതുച്ചേരി മത്സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ ബോസ് അറിയിച്ചു.സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്ന് ഈയിടെ ശ്രീലങ്ക നിലപാടെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more