കൊളംബൊ: ശ്രീലങ്കയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത്തവണ നിദാഹാസ് ട്രോഫി സംഘടിപ്പിച്ചത്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലായിരുന്നു കലാശ പോരാട്ടം നടന്നത്. ദിനേഷ് കാര്‍ത്തിക്ക്, നായകന്‍ രോഹിത്ത് ശര്‍മ്മ എന്നിവരുടെ മികവിലാണ് ഇത്തവണ നിദാഹാസ് ട്രോഫി ഇന്ത്യ നേടിയത്. അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തില്‍ ദിനേശ്കാര്‍ത്തികിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തിന് വിത്തുപാകിയത്.
കേവലം എട്ടു പന്തില്‍ നിന്ന് ദിനേഷ് കാര്‍ത്തിക്ക് നേടിയ 29 റണ്‍സാണ് ഇന്ത്യയ്ക്ക് 168 റണ്‍സ് നേടുന്നതിനു സഹായകരമായത്. 18 ാമത്തെ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 133ന് അഞ്ച് എന്ന നിലയിലായിരുന്നു. ജയിക്കാന്‍ വേണ്ടത് 34 റണ്‍സ്. രണ്ട് ഓവര്‍ മാത്രം ബാക്കി. ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തി നേരിട്ട് ആദ്യ പന്ത് തന്നെ സിക്സ് പറത്തി ലക്ഷ്യം വ്യക്തമാക്കി. തോല്‍ക്കാന്‍ മനസില്ലെന്ന് വ്യക്തമാക്കിയ 19 ാമത്തെ ഓവറില്‍ നേടിയത് 22 റണ്‍സാണ്. അവസാന ഓവറില്‍ വിജയലക്ഷ്യം 12 റണ്‍സ്. പിന്നീട് അവസാന ഓവറിലെ അവസാന പന്തും ദിനേഷ് കാര്‍ത്തിക്കിന് ലഭിച്ചത് നാടകീയ വിജയത്തിനു കാരണമായി.
ഇന്നലെ ഇന്ത്യ ജയിക്കാന്‍ വേണ്ടി ഗാലറിയില്‍ ആര്‍പ്പുവിളിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ശ്രിലങ്കന്‍ ആരാധകരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. തുടക്കം മുതല്‍ ഒടുക്കം വരെ ശ്രീലങ്കന്‍ ആരാധകര്‍ ഇന്ത്യക്കൊപ്പം നിന്നു. ഇന്ത്യ ജയിച്ചപ്പോള്‍ അതിന്റെ എല്ലാ സന്തോഷവും അവരുടെ മുഖത്ത് പ്രകടമായിരുന്നു. സമ്മാനദാന ചടങ്ങില്‍ ബംഗ്ലാദേശ് നായകന്റെ പേര് വിളിച്ചപ്പോള്‍ കൂകി വിളിച്ചാണ് ശ്രീലങ്കന്‍ കാണികള്‍ സ്വാഗതം ചെയ്തത്. ശ്രീലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ വരെ ഫൈനലില്‍ ഇന്ത്യ വിജയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്.
ബംഗ്ലാദേശ് ശ്രീലങ്കന്‍ മത്സരത്തില്‍ ഉണ്ടായ വാക്ക് തര്‍ക്കവും ഉരസലുമാണ് ശ്രീലങ്കന്‍ ആരാധകരെ ചൊടിപ്പിച്ചത്. നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ച രീതിയില്‍ പരക്കെ അതൃപ്തി പ്രകടമായിരുന്നു. നോബോളില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പുറത്തായത് അമ്പയര്‍മാര്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരോട് നായകന്‍ ഷാകിബ് ഗ്രൗണ്ട് വിടുവാന്‍ ആവശ്യപ്പെടുന്നത് വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഗ്രൗണ്ടിലെത്തിയ റിസര്‍വ് താരങ്ങള്‍ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയോട് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും വിജയ ശേഷം ഡ്രെസ്സിംഗ് റൂമില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോര്‍.നാലു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്. 2.4 ഓവറില്‍ ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റ് സമ്മാനിച്ചാണ് പത്തു റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്. സുരേഷ് റെയ്ന നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. കെ എല്‍ രാഹുല്‍ 14 പന്തില്‍ 24 റണ്‍സും മനീഷ് പാണ്ഡെ 27 പന്തില്‍ 28 റണ്‍സും സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവനിരയുടെ മുന്നില്‍ അതിദയനീയമായിട്ടാണ് ബംഗ്ലാദേശ് ബാറ്റസമാന്‍മാര്‍ പരാജയപ്പെട്ടത്. ഒരുഘട്ടത്തില്‍ പൊരുതാന്‍ സാധിക്കുന്ന സ്‌കോര്‍ നേടാന്‍ പോലും സാധിക്കുമോ എന്നു തോന്നുന്ന വിധത്തിലായിരുന്നു ബംഗ്ലാദേശിന്റെ പ്രകടനം.
ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാലു ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജയദേവ് ഉനദ്കട് നാലു ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് നേടിയത്.