| Sunday, 6th November 2022, 12:35 pm

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക അറസ്റ്റില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലക അറസ്റ്റില്‍. ബലാത്സംഗ കേസില്‍ സിഡ്‌നി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ താരത്തെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമയ സംഭവം നടന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരയെ ധനുഷ്‌ക ഗുണതിലക ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ലഭിക്കുകയായിരുന്നെന്നും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് നവംബര്‍ രണ്ടിന് ഗുണതിലക 29കാരിയായ ഓസ്‌ട്രേലിയന്‍ പൗരയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു.

റോസ് ബേയിലെ വീട്ടിലെത്തിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തത്,’ പൊലീസ് വ്യക്തമാക്കി.

ഗുണതിലകക്കെതിരെ ബലാത്സംഗ കേസ് ഉയര്‍ന്നതോടെ താരത്തെ ഒഴിവാക്കിയാണ് ശ്രീലങ്കന്‍ ടീം നാട്ടിലേക്ക് മടങ്ങിയത്. ശ്രീലങ്കന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയാണ് ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്ററാണ് ധനുഷ്‌ക ഗുണതിലക. ടി-20 ലോകകപ്പ് ഒന്നാം റൗണ്ടില്‍ ഹാംസ്ട്രിങ് പരിക്ക് മൂലം ഗുണതിലകയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം അഷെന്‍ ബണ്ടാരയെ ഇറക്കുകയായിരുന്നു.

പരിക്കിനെ തുടര്‍ന്ന് പുറത്തായെങ്കിലും ഗുണതിലക ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ തുടരുകയായിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന മത്സരത്തിലും തോല്‍വി വഴങ്ങുകയായിരുന്നു.

Content Highlights: Srilankan cricketer Dhanushka Gunathilaka has been reportedly arrested in Sydney for rape

We use cookies to give you the best possible experience. Learn more