| Monday, 5th September 2022, 9:59 am

കൊല്ലത്ത് നിന്ന് ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; 11 ശ്രീലങ്കന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് നിന്ന് ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒമ്പത് പേരുമാണ് പിടിയിലായത്.

കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം.

ഓഗസ്റ്റ് 19ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാതായതിനെത്തുടര്‍ന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ചുള്ള വിവരം കൈമാറിയിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ രണ്ട് പേര്‍ ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പിലും, മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നയാളാണ് ഇവരുടെ ഏജന്റ് എന്നാണ് വിവരം. കേരളത്തിലെത്തി മറ്റൊരു ഏജന്റിനെ കാണാനുള്ള ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ കൊല്ലത്ത് എത്തിയതെന്നാണ് വിവരം.

അതേസമയം, ഇപ്പോള്‍ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടത് എന്നാണ് പൊലീസിന്റെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം.

വലിയ ബോട്ടില്‍ വന്‍ സംഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ഓസ്‌ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ കൊല്ലത്തേക്ക് വന്നുകൊണ്ടിരിക്കുകയോ അടുത്ത നിര്‍ദേശം കാത്ത് സമീപ ജില്ലകളില്‍ തമ്പടിക്കുകയോ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തിലെ ഇവര്‍ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം കിട്ടിയ ഏജന്റ് കൊല്ലത്തുള്ള ആളാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംഘത്തിലെ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇപ്പോള്‍.

Content Highlight: Srilankan Citizens who tried to enter Australia by boat from Kollam were in Police custody

We use cookies to give you the best possible experience. Learn more