ഭീകരാക്രമണങ്ങള്‍ എന്ന പേരില്‍ നടക്കുന്ന കൂട്ടകൊലപാതങ്ങള്‍ക്ക് ആരാണുത്തരവാദി എന്ന ചോദ്യത്തിന് ഉത്തരമായി ഒരുപാട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്, അതൊക്കെ നിഷേധിക്കാനോ അംഗീകരിക്കാനോ നമ്മുടെ കയ്യില്‍ തെളിവുകളൊന്നുമില്ല, മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോഴാണ് ഇത്തരം കാര്യങ്ങളില്‍ പൊതുവെ വെളിപ്പെടുത്തലുകള്‍ വരാറുള്ളത്. അക്കാലത്തു ജീവിച്ചിരിക്കുന്നവര്‍ അത് മനസ്സിലാക്കട്ടെ.
പക്ഷെ സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ചു നിരപരാധികള്‍ക്ക് നടുവില്‍ പോയി നിന്ന് സ്വയം പൊട്ടിത്തെറിക്കുന്നത് സാധാരണ മുസ്‌ലിം കുടുംബത്തിലെ കുട്ടികളാണ്. സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടും വിദ്യാഭ്യാസവും ഉള്ളവര്‍. അതെന്തു കൊണ്ടാണെന്നു വിശദീകരിക്കേണ്ട ബാധ്യത ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമുക്കുണ്ട്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളും ദൈവത്തിന്റെ പരീക്ഷണങ്ങളോ ദൈവം തരുന്ന സൂചനകളോ ആണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് നിരന്തരം ചോദിക്കുന്ന ഗ്രന്ഥം ആണ് പരിശുദ്ധ ഖുര്‍ആന്‍, ചിന്തിക്കുന്നവര്‍ക് ദൃഷ്ടാന്തങ്ങള്‍ ഉണ്ട് എന്നതാണ് ഖുറാനിലെ ഏറ്റവും കൂടുതലായി ഉദ്ധരിക്കപ്പെടാറുള്ള വചനങ്ങളിലൊന്ന്. ആ നിലക്ക് ശ്രീലങ്കയില്‍ കഴിഞ്ഞയാഴ്ച നടന്ന കൂട്ടക്കുരുതി മുസ്‌ലിംകളെ സംബന്ധിച്ചു തീര്‍ച്ചയായും ഒരു സൂചനയാണ്, പ്രത്യേകിച്ച് കേരള മുസ്‌ലിംകള്‍ക്ക്. കാരണം, ശ്രീലങ്കയും കേരളവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല, ശ്രീലങ്കന്‍ മുസ്‌ലിംകളും കേരള മുസ്‌ലിംകളും തമ്മില്‍ പ്രത്യേകിച്ചും.
ഏകദേശം ഒരേ സമയത്താണ് കേരളത്തിലും ശ്രീലങ്കയിലും ഇസ്‌ലാം വരുന്നത്, ഏഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍. കച്ചവടക്കാരായ അറബികള്‍ തന്നെയാണ് രണ്ടിടത്തും ഇസ്‌ലാം പ്രചരിപ്പിച്ചിരുന്നത്. ശ്രീലങ്കന്‍ മുസ്‌ലിംകളില്‍ തമിഴ് സംസാരിക്കുന്നവരും സിംഹള സംസാരിക്കുന്നവരുമുണ്ട്.
ഏറ്റവും പ്രബല ഗ്രൂപ്പ് ആയ മൂര്‍സ് മുസ്‌ലിംകള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആദ്യകാലത്തു കുടിയേറിയവരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മലബാറിലെ രണ്ടു മൂന്ന് ജില്ലകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിലെ അതേ അനുപാതത്തിലാണ് ശ്രീലങ്കയിലെയും മുസ്‌ലിം ജനസംഖ്യ , ഏഴു മുതല്‍ പത്തു ശതമാനം വരെ.
കേരളത്തിലെ മുന്‍കാല മുസ്‌ലിംകളെ പോലെ തന്നെ സാംസ്‌കാരികമായി മറ്റു മതവിഭാഗങ്ങളുമായി ഇടപഴകിയാണ് ശ്രീലങ്കന്‍മുസ്‌ലിംകളും ജീവിച്ചിരുന്നത്. മുണ്ടുടുക്കുന്ന പുരുഷന്മാരെയും മുണ്ട് അല്ലെങ്കില്‍ സാരിയുടുക്കുന്ന സ്ത്രീകളെയും മാത്രമാണ് പഴയ മുസ്‌ലിം കുടുംബ ഫോട്ടോകളില്‍ കാണാന്‍ കഴിയുക, കേരളത്തിലായാലും ശ്രീലങ്കയിലായാലും.
കഴിഞ്ഞ നൂറ്റാണ്ടില്‍ സമ്പന്ന രാജ്യമായിരുന്ന സീലോണിലേക്കായിരുന്നു മലയാളികള്‍ ജോലി തേടി പോയിരുന്നത്. പൊതുവെ സമ്പന്നരായ കച്ചവടക്കാരായിരുന്നു മുസ്‌ലിംകള്‍ കേരളത്തിലും ശ്രീലങ്കയിലും കലാ സാഹിത്യ രംഗങ്ങളിലും മറ്റു മതക്കാര്‍ക്കൊപ്പമോ പലപ്പോഴും മുമ്പിലോ ആയിരുന്നു മുസ്‌ലിംകളുടെ സ്ഥാനം.
അഭികാമ്യമല്ലാത്ത മാറ്റങ്ങളും ശ്രീലങ്കന്‍ മുസ്‌ലിംകളിലും കേരള മുസ്‌ലിംകളിലും ഏകദേശം ഒരേ രീതിയിലാണ് സംഭവിക്കാന്‍ തുടങ്ങിയത്. വസ്ത്രധാരണ രീതികളിലും ഭക്ഷണ രീതികളിലും ഉള്‍പ്പടെ ജീവിതത്തിന്റെ മിക്ക മേഖലകളിലും മറ്റുള്ളവരില്‍ നിന്ന് അവര്‍ അകന്നകന്നു പോകുന്നതാണ് കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടുകളിലായി കാണാന്‍ കഴിയുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപം കൊണ്ട വിശാലമായതും പ്രാദേശിക സാഹചര്യത്തിനിണങ്ങിയതുമായ രീതികളെ മുഴുവന്‍ പുറത്തു നിര്‍ത്തി പ്യുരിടെറിയാന്‍ മതം അടിച്ചേല്പിക്കപെടുന്നതാണ് പിന്നീട് കണ്ടത്.
2006 ല്‍ കാട്ടാക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു സൂഫി ദര്‍ഗ ബോംബ് വച്ച് തകര്‍ത്തതാണ് ഈ റാഡിക്കലൈസേഷന്റെ വിവിധ ഘട്ടങ്ങളിലെ നാഴികക്കല്ല് എന്നാണ് ശ്രീലങ്കന്‍ മുസ്‌ലിംകളെ കുറിച്ച് പുസ്തകം എഴുതിയിട്ടുള്ള ആന്‍ഡ്രിയ ജോഹെന്‍സണ്‍ പറയുന്നത്.
2016 നവംബറിലാണ് 42 ശ്രീലങ്കന്‍ മുസ്‌ലിംകള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം റോയിട്ടേഴ്സ് പുറത്തു വിടുന്നത്. അതിനോടടുത്ത സമയത്താണ് കേരളത്തില്‍ നിന്നും ഇരുപതോളം പേരെ കാണാതാവുന്നതും അവര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടാകുമെന്ന സംശയം ബലപ്പെടുന്നതും. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കേരളം സന്ദര്‍ച്ചിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒട്ടും ശുഭകരമല്ലാത്ത രീതിയിലാണ് കാര്യങ്ങള്‍. ശ്രീലങ്കയായാലും കേരളമായാലും എങ്ങനെ ഈ അവസ്ഥയില്‍ എത്തി എന്ന വിശദമായ പരിശോധനയില്‍ നിന്ന് അതതു പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല.
ആത്മഹത്യക്കു വേണ്ടിയുള്ള കൊലപാതകങ്ങള്‍
മുതുകില്‍ ബാക്ക്പാക്കും തൂക്കി ഈസ്റ്റര്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലൂടെ അനായാസം ചര്‍ച്ചിലേക്ക് നടന്നു കയറുന്ന ചെറുപ്പക്കാരന്റെ ഫോട്ടോ എല്ലാവരും കണ്ടിരിക്കും. ആ ബാക്ക്പാക്കില്‍ ഉണ്ടായിരുന്ന ബോംബിനോടൊപ്പം അയാളും പൊട്ടി ചിതറി. അയാള്‍ക്ക് വേണമെങ്കില്‍ ആ ബാക്ക്പാക്ക് ചര്‍ച്ചിനകത്തു വച്ച് തിരിച്ചു നടന്നാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാമായിരുന്നു. അയാള്‍ക്ക് മാത്രമല്ല, ശ്രീലങ്കയില്‍ നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളിലും ബോംബര്‍മാര്‍ക്ക് അനായാസം രക്ഷപെടാമായിരുന്നു. ആരും രക്ഷപെടാന്‍ ശ്രമിച്ചില്ല. അവര്‍ കൊല്ലാന്‍ മാത്രമല്ല, ആത്മഹത്യ ചെയ്യാന്‍ കൂടി വന്നവരായിരുന്നു.
തമിഴ് പുലികളാണ് ആത്മഹത്യ സ്‌ക്വാഡുകള്‍ ഒരു യുദ്ധമുറയായി പ്രചാരവത്കരിക്കുന്നത്. വളരെ സംരക്ഷിതമായ, യാതൊരു തരത്തിലും ആയുധങ്ങളുമായി കടന്നു കയറി ആക്രമിച്ചു തിരിച്ചു പോരാന്‍ കഴിയാത്ത ലക്ഷ്യങ്ങളെ മാത്രമേ അവര്‍ ആത്മഹത്യ സ്‌ക്വഡുകള്‍ ഉപയോഗിച്ച് ആക്രമിച്ചിട്ടുള്ളു, ഉദാഹരണമായി രാജീവ് ഗാന്ധി, പ്രേമദാസ വധങ്ങള്‍. എല്ലാ ആക്രമണങ്ങളിലും കഴിയുന്നവരെല്ലാം സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. അവര്‍ക്ക് കൊല്ലുകയായിരുന്നു ലക്ഷ്യം, മരിക്കുക എന്നത് ഒരു അനിവാര്യത മാത്രമായിരുന്നു.
പക്ഷെ ഇപ്പോള്‍ എന്ത് കൊണ്ടാണ് കുറെ ചെറുപ്പക്കാര്‍ക്ക് ആത്മഹത്യ ഒരു ലക്ഷ്യവും കൊല്ലുക എന്നത് ഒരു അനിവാര്യതയുമാകുന്നത് ?
ശ്രീലങ്കയിലെയോ, സമാന മത പശ്ചാത്തലമുള്ള കേരളത്തിലെയോ മുസ്‌ലിംമനസ്സുകളില്‍ സ്വര്‍ഗ്ഗലബ്ധി എന്നത് വളരെ ലളിതവും ഋജുവും ആയിരിന്നു രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ. ഈ ലോകത്തു നന്മകള്‍ ചെയ്തു ജീവിക്കുന്നവര്‍ക്ക് മരിച്ചാല്‍ സ്വര്‍ഗം ലഭിക്കും, അല്ലാത്തവര്‍ക്ക് നരകവും. നന്മകള്‍ ചെയ്തു ജീവിക്കുന്നവര്‍ക്കു സ്വാഭാവികമായി ലഭിക്കുന്ന ഒരു സമ്മാനം മാത്രമായിരുന്നു സ്വര്‍ഗം.
മദ്രസകളിലും മതപ്രഭാഷണങ്ങളിലും അങ്ങനെയൊക്കെയാണ് പഠിപ്പിച്ചിരുന്നത്. ഇന്ന് സ്ഥിതി മാറി, പുതു തലമുറ പ്രഭാഷകരും തര്‍ക്കികരും ചേര്‍ന്ന് ഒരാള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത അകലത്തിലേക്ക് സ്വര്‍ഗത്തെ കൊണ്ട് പോയി. മഹാത്മാ ഗാന്ധിക്കും മദര്‍ തെരേസയ്ക്കും വരെ സ്വര്‍ഗം ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയുന്ന പ്രഭാഷകരെ കേരളത്തില്‍ പലയിടത്തും കാണാം.
നന്മകള്‍ ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതും പശ്ചാത്തപിക്കുന്നതുമൊന്നും സ്വര്‍ഗലബ്ധി ഉറപ്പു നല്‍കുന്നില്ല എന്ന വിധത്തിലായി കാര്യങ്ങള്‍. സ്വര്‍ഗം ഉറപ്പു നല്‍കുന്ന ഒരേ ഒരു മാര്‍ഗമേ ഇപ്പോള്‍ കേരളത്തിലെയോ ശ്രീലങ്കയിലെയോ ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ മുന്‍പിലുള്ളൂ – മതത്തിനു വേണ്ടി മരിക്കുക.
മതത്തിനു വേണ്ടിയുള്ള യുദ്ധം ചെയ്യുക എന്നത് ആധുനിക സമൂഹത്തില്‍ പ്രായോഗികമല്ല. ഒരു കാലത്തു അങ്ങനെയുണ്ടായിരുന്നു, എല്ലാ മതക്കാരും ചെയ്തിട്ടുമുണ്ട്, പക്ഷെ ഭൂമിശാത്രപരമായ അതിരുകള്‍ നിശ്ചയിച്ചു ആ അതിരിനു പുറത്തുള്ളവരുമായിട്ടു യുദ്ധം ചെയ്യുന്ന രീതിയെ ഇപ്പോള്‍ നിലവില്‍ ഉള്ളു.
ഒരേ അതിര്‍ത്തിക്കുള്ളിക്കുള്ളവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നതിനെ ആധുനിക കാലത്തു നമ്മള്‍ കലാപങ്ങള്‍ എന്നാണ് വിളിക്കുന്നത്. അത് കൊണ്ട് മതത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നത് ഇനി പ്രായോഗികമല്ല, കലാപങ്ങള്‍ സാംഗത്യവുമല്ല, അത് കൊണ്ടാണ് ഈ ചെറുപ്പക്കാര്‍ സ്വര്‍ഗം തേടി ആത്മഹത്യ സ്‌ക്വാഡുകളിലേക്ക് നീങ്ങുന്നത്.
കേരളത്തിലെ മദ്രസ്സാ സിലബസുകളിലും മത പ്രഭാഷണങ്ങളിലും മത യുദ്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എടുത്തു കളയുവാന്‍ സമയമായി. വിശുദ്ധയുദ്ധം എന്നത് സ്വയം സംസ്‌കരിക്കാനുള്ള ആത്മീയ പോരാട്ടമാണെന്ന നിലയിലുള്ള വിശദീകരണങ്ങള്‍ ഫലപ്രദമാകുന്നില്ല. അടിമത്തം ലോകത്തു നിന്ന് അപ്രത്യക്ഷമായപ്പോള്‍ അതുമായി ബന്ധപ്പെട്ട മതശാസനകള്‍ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും നിന്ന് അപ്രത്യക്ഷമായത് പോലെ, മത യുദ്ധങ്ങളെ സ്തുതിച്ചു കൊണ്ടുള്ള പരാമര്ശങ്ങള്‍ക്കും വിട നല്‍കാനുള്ള സമയമായി.
സ്വര്‍ഗ്ഗപ്രാപ്തിയെ കുറിച്ചുള്ള സങ്കല്പങ്ങളെ ലളിതവത്കരിച്ചു കൊണ്ടും മതയുദ്ധങ്ങളെ പടിക്കു പുറത്തു നിര്‍ത്തിക്കൊണ്ടുമുള്ള പഴയ രീതിയിലുള്ള മതപഠന രീതി തിരിച്ചു കൊണ്ടുവരണം.
മുഖം മൂടിയ സ്ത്രീകള്‍
താഴെ കാണുന്നത് ഓള്‍ സിലോണ്‍ ജംഇയത്തുല്‍ ഉലമ എന്ന മുഴുവന്‍ പള്ളി ഇമാമുമാരെയും പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക പണ്ഡിത സഭ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പാണ് . ഇതില്‍ പ്രധാനമായി പറയുന്ന കാര്യമാണ് മലയാളികളെയും സംബധിച്ചിടത്തോളവും പ്രസക്തം – സ്ത്രീകള്‍ മുഖം മറക്കരുത് !
എണ്‍പതുകളില്‍ ദൂരദര്‍ശനിലെ ഏതോ ഒരു പരിപാടിയില്‍ മുഖം മറച്ച ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ടപ്പോള്‍ വല്യമ്മ ചോദിച്ചത് ഓര്‍മയുണ്ട്, ‘മരിച്ചാലല്ലേ മുഖം മറക്കുക , പിന്നെ ഇവരെന്താണ് മുഖം മറച്ചു കൊണ്ട് നടക്കുന്നത് ?’ ശ്രീലങ്കയിലായാലും കേരളത്തിലായാലും മുഖം മറച്ച സ്ത്രീകള്‍ എത്രത്തോളം അപരിചിതരായിരുന്നു എന്നതിന് ഇതല്ലാതെ മറ്റൊരുദാഹരണം കൂടി പറയാം.
എണ്‍പതുകളില്‍ കുറെ ആളുകളെ ഒന്നിച്ചു കയറ്റി സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ വ്യാപകമായിരുന്നു ചെറിയ ടൗണുകളില്‍, ഇപ്പോഴും കുറച്ചൊക്കെയുണ്ട്. അത്തരം ഒരു ജീപ്പ് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ച ഒരു സ്ത്രീ ജീപ്പില്‍ കയറി. ജീപ്പിലുണ്ടായിരുന്ന കുട്ടികളെല്ലാം പേടിച്ചു കൂട്ട നിലവിളി ! . അത്തരം കാഴ്ചകള്‍ കേരളത്തിലായാലും ശ്രീലങ്കയിലായാലും പരിചിതമായി മാറിയത് കൊണ്ട് കുട്ടികള്‍ ഇപ്പോള്‍ പേടിച്ചു കരയാറില്ല. പക്ഷെ സമൂഹത്തില്‍ അതുണ്ടാക്കിയ മുസ്‌ലിം പേടി ചില്ലറയല്ല.
ശ്രീലങ്കയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത സര്‍ക്കാര്‍ തന്നെ മുഖം മറക്കുന്നത് നിരോധിക്കാന്‍ പോവുകയാണ് എന്നാണ്, മുസ്‌ലിംകളുടെ തന്നെ അഭൂതപൂര്‍വമായ പിന്തുണയാണ് ഈ നീക്കത്തിന് ലഭിക്കുന്നത് എന്നാണ് ശ്രീലങ്കന്‍ സുഹൃത്തുക്കള്‍ പറയുന്നത്. ( ** ഇതെഴുതിക്കഴിഞ്ഞതിനു ശേഷം പുറത്തു വന്ന ഒരു അസോസിയേറ്റഡ് പ്രെസ്സ് റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്കന്‍ സര്‍ക്കാര്‍ മുഖം മറക്കുന്നത് പൂര്‍ണമായി നിരോധിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ) മുഖം മറച്ചവരുമായോ അവരുടെ കൂടെ യാത്ര ചെയ്യുന്നവരുമായോ സംസാരിക്കാനോ ഇടപഴകുവാനോ മറ്റു സമുദായക്കാര്‍ മടിക്കുന്നതാണ് വളരെ ഒരുമയില്‍ കഴിഞ്ഞിരുന്ന മുസ്‌ലിംകളും മറ്റുള്ളവരും തമ്മില്‍ അകലാനുള്ള പ്രധാന കാരണമെന്നാണ് ശ്രീലങ്കയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയിലി-മിറര്‍ എഡിറ്ററായ ഹഫീല്‍ ഫാരീസ് നിരീക്ഷിക്കുന്നത്.
ഹലാല്‍ സ്‌കൂളുകള്‍, ഹലാല്‍ ഹോട്ടലുകള്‍
ശ്രീലങ്കയിലെ ഏറ്റവും നല്ല റസ്റ്റോറന്റുകളില്‍ മിക്കതും മുസ്‌ലിം ഉടമസ്ഥാതയിലുള്ളതാണ്, കൊളംബോയില്‍ മാത്രമല്ല, കാന്‍ഡി, നെഗോമ്പോ തുടങ്ങിയ നഗരങ്ങളില്‍ പോലും ഏറ്റവും നന്നായി കച്ചവടം നടക്കുന്ന ഹോട്ടലുകള്‍ കാലങ്ങളായി മുസ്‌ലിംകളാണ് നടത്തുന്നത്. ഇവയിലൊന്നും മറ്റു മതസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല വലിയ ഇഷ്ടവുമായിരുന്നു ഈയടുത്തു ഹലാല്‍-ഭക്ഷണം എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് വരെ.
ചില മത പ്രഭാഷകരാണ് ഹലാല്‍ ഭക്ഷണം മാത്രമേ മുസ്‌ലിംകള്‍ കഴിക്കാവൂ എന്ന കാര്യത്തിന് പ്രസംഗങ്ങളില്‍ ഊന്നല്‍ കൊടുത്തു തുടങ്ങിയത്. തീവ്ര വിശ്വാസികളായ ഹോട്ടല്‍ ഉടമകള്‍ തുടര്‍ന്ന് ‘ഹലാല്‍ ഭക്ഷണം ഇവിടെ ലഭിക്കും’ അല്ലെങ്കില്‍ ‘ഹലാല്‍’ എന്ന ബോര്‍ഡ് ഹോട്ടലുകള്‍ക്ക് വെളിയില്‍ തൂക്കാന്‍ തുടങ്ങി.
വളരെ നിരുപദ്രവകരം എന്ന് കരുതിയിരുന്ന ഈ ബോര്‍ഡുകള്‍ ഭീകരമായ സാമൂഹിക പ്രത്യാഘാതമാണുണ്ടാക്കിയതെന്നാണ് ശ്രീലങ്കക്കാരായ നിരവധി പേരുമായി സംസാരിച്ചതില്‍ നിന്ന് മനസിലാകുന്നത്. മുഖം മൂടുന്ന സ്ത്രീകള്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും വലിയ സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയ പ്രവര്‍ത്തിയായിരുന്നു ഇത്. മുസ്‌ലിംകള്‍ ഹലാല്‍ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് മുസ്‌ലിംകളും ഹലാല്‍ ഭക്ഷണം എന്നാല്‍ എന്തോ പൂജ ചെയ്തതിനു ശേഷം ഉണ്ടാക്കുന്ന ഭക്ഷണമാണെന്നു സിംഹളരും പ്രചരിപ്പിച്ചു. മുസ്‌ലിംകളുടെ ഹോട്ടലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള വ്യാപക പ്രചാരണമാണ് പിന്നീട് നടന്നത്, പലയിടത്തും ഇത് സംഘര്‍ഷങ്ങള്‍ക്കും ഇട വരുത്തി.
ഹലാല്‍ റസ്റ്റോറന്റുകള്‍ കേരളത്തില്‍ കാര്യമായി കണ്ടിട്ടില്ല, അതൊരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നിട്ടുമില്ല, അത് കൊണ്ട് തന്നെ ശ്രീലങ്കയുമായി താരതമ്യം ചെയ്യാനുള്ള അവസ്ഥയില്ല. പക്ഷെ ശ്രീലങ്കയിലേക്കാളുമോ അതിനേക്കാള്‍ ഭീകരമായോ കേരളത്തെ ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ട് – ഹലാല്‍ സ്‌കൂളുകള്‍. മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴില്‍ മുസ്‌ലിം കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍, മറ്റു മതവിഭാഗങ്ങളുമായി സൗഹൃദമോ ബന്ധമോ ഇല്ലാതെ വളരുന്ന കുട്ടികള്‍ വലിയ ഒരു സാമൂഹിക പ്രതിസന്ധിയായാണ് വളരുന്നത്.
പ്രഭാഷകര്‍, താര്‍ക്കികര്‍
നിരവധി വര്‍ഷങ്ങളായി ശ്രീലങ്കക്കാരുടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ഒരു കാര്യം നിരീക്ഷിക്കുന്നുണ്ട്, സാകിര്‍ നായിക് എന്ന പ്രഭാഷകന് ശ്രീലങ്കക്കാരുടെ ഇടയിലുള്ള അപാരമായ സ്വാധീനം. മിക്ക ശ്രീലങ്കക്കാരുടെ ഫോണുകളിലും സാക്കിര്‍ നായിക്കിന്റെ കുറെ ക്ലിപ്പുകള്‍ ഉണ്ടാവും, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിദ്യാസമ്പന്നരായ ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ഇടയില്‍ ഏറ്റവും പങ്കുവെക്കപ്പെടുന്ന ക്ലിപ്പുകളും സാക്കിര്‍ നായിക്കിന്റെയാണ്. പല മുസ്‌ലിം ചെറുപ്പക്കാരും പൊതു സമൂഹത്തില്‍ നിന്നും സാധാരണ ജീവിതത്തില്‍ നിന്നും അകന്ന് ശുദ്ധ മൗലിക മത രീതിയില്‍ ജീവിക്കാന്‍ തീരുമാനിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്കു വലിയ സ്വാധീനമുണ്ടെന്നു പലരും നിരീക്ഷിക്കുന്നു.
ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ സ്വയം പൊട്ടിത്തെറിച്ച സഹ്റാന്‍ ഹാഷിമും ശ്രീലങ്കയിലെ അറിയപ്പെടുന്ന മത പ്രഭാഷനായിരുന്നു. ഇദ്ദേഹത്തിന് തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ട്. സാക്കിര്‍ നായിക്കിന്റെ കൊച്ചു രൂപങ്ങളായ താര്‍ക്കികരും നിരവധിയാണിപ്പോള്‍, മറ്റു മതവിഭാഗങ്ങളിലുള്ളവരുമായി തര്‍ക്കിച്ചു തങ്ങളുടെ മതം മാത്രമാണ് ശരി എന്ന് സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി.
സഹ്‌റാന്‍ ഹാഷിം
ഭീകരവാദത്തെ പ്രത്യക്ഷത്തില്‍ ന്യായീകരിക്കുന്നവരല്ലെങ്കിലും ഇത്തരം പ്രഭാഷകര്‍ പ്രചരിപ്പിക്കുന്ന ശുദ്ധ മതവാദം തീവ്രവാദത്തിന്റെ ഏറ്റവും വലിയ റിക്രൂട്ടിങ് ഗ്രൗണ്ട് ആയി മാറുന്നതാണ് ഇത് വരെയുള്ള അനുഭവം. ശ്രീലങ്കയില്‍, മീശ വടിച്ചു താടി നീട്ടി, മുക്കാല്‍ പാന്റ് ധരിച്ചു, സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളുടെ വരെ മുഖത്ത് നോക്കാതെ നടക്കുന്ന മിക്ക ചെറുപ്പക്കാരും ഇത്തരം പ്രഭാഷകരുടെ അടിമകളാണെന്നു കാണാം.
ഇവരാണ് കുടുംബത്തിലെ സ്ത്രീകളെ മുഖം മറച്ചു നടക്കാന്‍ നിര്‍ബന്ധിക്കുന്നതും മക്കളെ ഹലാല്‍ സ്‌കൂളുകളില്‍ മാത്രം ചേര്‍ക്കുന്നതും. കേരളത്തിലെ കാര്യമെടുത്താല്‍, ഏറ്റവും അറിയപ്പെടുന്ന മലയാളം പ്രഭാഷകരില്‍ ഒരാള്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്നാണ് നാല് പേര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി പോയത്, കൂടാതെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പാഠഭാഗം താന്‍ നടത്തുന്ന സ്‌കൂളില്‍ പഠിപ്പിച്ചതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുന്നുമുണ്ട് അദ്ദേഹം.
വിനോദങ്ങളെ വിലക്കുന്നവര്‍
വിനോദങ്ങളോടുള്ള യാഥാസ്ഥിതികരുടെ സമീപനം എന്നും ഒരു ലവ്-ഹേറ്റ് റിലേഷന്‍ഷിപ് ആയിരുന്നു എന്ന് പറയാം. താത്വികമായി മതം സിനിമ, ചിത്രരചന തുടങ്ങിയവയോടു മുഖം തിരിച്ചു നില്‍ക്കുകയും , സ്‌പോര്‍ട്‌സ്, സംഗീതം മുതലായവ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തു വന്നത്. പക്ഷെ കേരളത്തിലെയോ ശ്രീലങ്കയിലെയോ സാധാരണ മുസ്‌ലിംകള്‍ക്ക് പ്രായോഗികതലത്തില്‍ സിനിമ, കല, സാഹിത്യ മേഖലകളില്‍ ഇടപെടാന്‍ മതം ഒരിക്കലും തടസ്സമായിരുന്നില്ല. ശ്രീലങ്കയിലെ ചില യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ അടുത്ത കാലത്തു അനുയായികളെ ഇത്തരം വിനോദങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ നിര്‍ബന്ധിക്കുന്നത് വാര്‍ത്തയായിരുന്നു. കേരളത്തിലും ടെലിവിഷന്‍ പോലും വേണ്ടെന്നു വച്ച വീടുകള്‍ എനിക്കറിയാം.
സിനിമ, വായന, പാര്‍ട്ടികള്‍, ടെലിവിഷന്‍ തുടങ്ങി മുഴുവന്‍ വിനോദോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട കുറെയെങ്കിലും കുട്ടികള്‍ നാട്ടില്‍ ഉണ്ടെന്നുള്ളതില്‍ സംശയമില്ല. ഇവരുടെ ആകെ എന്റര്‍ടൈന്‍മെന്റ് എന്ന് പറയുന്നത് വാട്‌സാപ്പ് ക്ലിപ്പുകളും യൂട്യൂബിലെ പാതി വെന്ത മത പ്രഭാഷണങ്ങളും ആയിരിക്കും. ഐസിസ് പോലുള്ള കൊലയാളിസംഘങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ ഒന്നാമതായി ലക്ഷ്യം വയ്ക്കുന്നതും ഈ കുട്ടികളെയായിരിക്കും.
എന്റെയൊക്ക ചെറുപ്പകാലത്തു പിള്ളേരെ പിടുത്തക്കാരെ പറ്റി ഒരുപാടു കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു. അവര്‍ കുട്ടികളെ പിടിച്ചു കൊണ്ടുപോയി കണ്ണ് കുത്തിപ്പൊട്ടിച്ചു ഭിക്ഷാഠനത്തിനയയ്ക്കും എന്നതായിരുന്നു പേടി. ഇന്ന് മുസ്‌ലിം രക്ഷിതാക്കള്‍ കുട്ടികളെ ഏറ്റവും ചേര്‍ത്ത് പിടിക്കേണ്ട സമയമാണ്. തീവ്രവാദികള്‍ കണ്ണ് കുത്തിപൊട്ടിക്കില്ല, പക്ഷെ തലച്ചോറില്‍ വിഷം കയറ്റി സ്വയം പൊട്ടിത്തെറിക്കുന്ന ബോംബുകളാക്കി മാറ്റും നമ്മുടെ കുട്ടികളെ അവര്‍, അതിന്റെ കൂടെ തലമുറകളായി നമ്മളുണ്ടാക്കിയ ഈ സമൂഹവും പൊട്ടിച്ചിതറും. ആ പൊട്ടിച്ചിതറലിന്റെ വേദന ഇന്ന് ഏതൊരു ശ്രീലങ്കന്‍ മുസ്‌ലിമിന്റെയും മുഖത്ത് കാണാം.