ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് വേണ്ടത് ഒറ്റ ജയം മാത്രം! 27 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ലങ്ക ഇറങ്ങുന്നു
Cricket
ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് വേണ്ടത് ഒറ്റ ജയം മാത്രം! 27 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ലങ്ക ഇറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 8:51 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. നിലവില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വിജയിക്കുകയുമായിരുന്നു.

ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 230 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ പുറത്താവുകയായിരുന്നു. 14 പന്തില്‍ ഒരു റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് ഔട്ട് ആവുകയായിരുന്നു. രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

കൊളംബോയിലെ ആര്‍ പ്രേമ ദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും. ടി-20യില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ലങ്കന്‍പടക്ക് സിരീസ് നഷ്ടപ്പെട്ടിരുന്നു.

അതുകൊണ്ട് തന്നെ സ്വന്തം മണ്ണില്‍ ഏകദിന പരമ്പര നേടിക്കൊണ്ട് തിരിച്ചുവരാനായിരിക്കും ശ്രീലങ്ക ലക്ഷ്യമിടുക. മറുഭാഗത്ത് അവസാന മത്സരം വിജയിച്ചുകൊണ്ട് പരമ്പര സമനിലയില്‍ ആക്കാനുമായിരിക്കും രോഹിത് ശര്‍മയും സംഘവും അണിനിരക്കുക.

ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില്‍ നീണ്ട 27 വര്‍ഷക്കാലത്തെ ശ്രീലങ്കയുടെ കാത്തിരിപ്പിന് കൂടിയായിരിക്കും അവസാനമാവുക. 1997നു ശേഷം ഇന്ത്യക്കെതിരെ നടന്ന ഒരു ഏകദിന പരമ്പരയിലും ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. 1997ല്‍ നടന്ന ഏകദിന പരമ്പരയില്‍ 3-0ത്തിനായിരുന്നു ശ്രീലങ്ക അവസാനമായി ഇന്ത്യയെ പരാജയപ്പെടുത്തിയത്.

അതേ വര്‍ഷം തന്നെ ഡിസംബറില്‍ നടന്ന പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചുകൊണ്ട് സമനിലയില്‍ പിരിയുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ 12 ഏകദിന പരമ്പരകളാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ഇതിലെല്ലാം ഇന്ത്യ വിജയിക്കുകയായിരുന്നു.

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് പരമ്പര നേടാന്‍ ശ്രീലങ്കക്ക് സാധിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. മത്സരം  ഉപേഷിക്കപ്പെടുകയാണെങ്കിൽ പരമ്പര 1-0ത്തിന് സ്വന്തമാക്കാൻ ലങ്കയ്ക്ക് സാധിക്കും.

 

Content Highlight: Srilanka Need One Win To Break 27 Years Record