പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായി ശ്രീലങ്ക; പിടിച്ചെടുത്ത ബാക്കി 164 ബോട്ടുകളുടെ കാര്യത്തില്‍ തീരുമാനമായില്ല
national news
പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായി ശ്രീലങ്ക; പിടിച്ചെടുത്ത ബാക്കി 164 ബോട്ടുകളുടെ കാര്യത്തില്‍ തീരുമാനമായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 1:19 pm

കൊളംബോ: 2015 – 2016 വര്‍ഷങ്ങളിലായി ശ്രീലങ്കന്‍ നേവി കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളില്‍ പത്തെണ്ണം വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ശ്രീലങ്ക. ജൂണ്‍ 13ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു ഇത് സംബന്ധിച്ച് കത്തയച്ചതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

തമിഴ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ജൂലൈ 4ന് ദല്‍ഹിയില്‍ വെച്ച് ഇന്ത്യ – ശ്രീലങ്ക പ്രതിനിധികള്‍ കൂടിക്കാഴ്ചക്കൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ അറിയിപ്പ് വന്നിരിക്കുന്നത്.

കസ്റ്റഡിയിലുള്ള മുഴുവന്‍ ബോട്ടുകളും വിട്ടുകിട്ടണമെന്നാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ ആവശ്യം. പിടിച്ചെടുത്ത 216 ബോട്ടുകളില്‍ 42 ബോട്ടുകള്‍ 2017ല്‍ ശ്രീലങ്ക വിട്ടു തന്നിരുന്നു. പക്ഷെ ഇതില്‍ 32 ബോട്ടുകള്‍ മാത്രമാണ് തിരിച്ചു കിട്ടിയവര്‍ക്ക് പിന്നീട് ഉപയോഗിക്കാനായത്. മറ്റുള്ളവ പൂര്‍ണ്ണമായും നശിച്ചിരുന്നു.

എട്ട് മുതല്‍ പത്ത് ലക്ഷം വരെ വില വരുന്ന ബോട്ടുകളാണ് ഇവയോരൊന്നുമെന്നും അതിനാല്‍ മുഴുവന്‍ ബോട്ടുകളും തിരിച്ചു കിട്ടിയേ തീരൂ എന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ശ്രീലങ്കയില്‍ ചെന്ന് ബോട്ടുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പക്ഷെ പിടിച്ചെടുത്ത മുഴുവന്‍ ബോട്ടുകളും തിരിച്ചു നല്‍കണമെന്ന് ശ്രീലങ്കന്‍ നാവിക സേനയോടും ഭരണാധികാരികളോടും ആവശ്യപ്പെടുമെന്നും തമിഴ്‌നാട്ടിലെ മത്സ്യതൊഴിലാളി സംഘടന നേതാക്കളിലൊരാളായ ജെസുരാജ് പറഞ്ഞതായി കൊളംബോ പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ദല്‍ഹിയില്‍ വീണ്ടും കരുനീക്കങ്ങള്‍; നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നാല് മുഖ്യമന്ത്രിമാര്‍


ശ്രീലങ്കന്‍ നാവികസേന തുറമുഖ തീരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ബോട്ടുകള്‍ എത്രയും വേഗം അവിടെ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ബോട്ടുകള്‍ കൃത്യമായി ഉറപ്പിച്ചു കെട്ടാത്തതു മൂലം തീരത്തുള്ള തങ്ങളുടെ ബോട്ടുകളില്‍ ഇടിച്ച് അവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നുവെന്നും ഇത് വലിയ ധന നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. പിടിച്ചെടുത്ത പല ബോട്ടുകളും നശിക്കുന്നതിനു പിന്നിലെ പ്രധാന കാരണവും ഇത് തന്നെയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും മീന്‍ പിടിക്കാന്‍ കടലിലിറങ്ങുന്നതിനു വരെ ഈ ബോട്ടുകളുടെ നിര പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

മത്സ്യതൊഴിലാളികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം രണ്ട് ദിവസത്തിനുള്ളില്‍ ബോട്ടുകള്‍ തിരിച്ചെടുക്കാനായി ശ്രീലങ്കയിലെത്തും.