| Monday, 17th June 2024, 11:40 am

ഇത് വ്യത്യസ്തമായൊരു ഡബിൾ സെഞ്ച്വറി; ശ്രീലങ്ക അടിച്ചുകയറിയത് ഓസ്‌ട്രേലിയയുടെ ആരുംതൊടാത്ത റെക്കോഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെ 83 റണ്‍സിന് ശ്രീലങ്ക പരാജയപ്പെടുത്തി. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലാന്‍ഡ്സ് നായകന്‍ സ്‌കോട് എഡ്വേര്‍ഡ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലാന്‍ഡ്സ് 16.4 ഓവറില്‍ 118 റണ്‍സിന് പുറത്താവുകയായിരുന്നു.

29 പന്തില്‍ 46 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസും 21 പന്തില്‍ 46 റണ്‍സ് നേടി ചരിത് അസലങ്കയും മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളാണ് മെന്‍ഡീസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അഞ്ച് കൂറ്റന്‍ സിക്സുകളും ഒരു ഫോറുമാണ് അസലങ്ക നേടിയത്. 26 പന്തില്‍ 34 റണ്‍സ് നേടി ധനഞ്ജയ ഡി സില്‍വയും നിര്‍ണായകമായി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ശ്രീലങ്ക സ്വന്തമാക്കിയത് ടി-20 ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഒരു താരങ്ങളും 50+ റണ്‍സ് നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍ തന്നെ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇതുപോലെ ആരും 50+ റണ്‍സ് നേടാതെ 201 റണ്‍സ് നേടിയിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമെത്താനും ലങ്കന്‍പടക്ക് സാധിച്ചു.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ നുവാന്‍ തുഷാര മൂന്നു വിക്കറ്റും ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ, മതീഷ പതിരാനാ എന്നിവര്‍ രണ്ടു വിക്കറ്റും മഹേഷ് തീക്ഷണ, ദാസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Srilanka create a new record in T20

We use cookies to give you the best possible experience. Learn more