ആദ്യം 144ന് മൂന്ന്, പിന്നെ 153ന് ഓള്‍ ഔട്ട്; ഹസരങ്ക മാജിക്കില്‍ അഫ്ഗാന്‍ വീണു
Cricket
ആദ്യം 144ന് മൂന്ന്, പിന്നെ 153ന് ഓള്‍ ഔട്ട്; ഹസരങ്ക മാജിക്കില്‍ അഫ്ഗാന്‍ വീണു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 7:44 am

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് ഏകദിനമത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. അഫ്ഗാനെ 155 റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്.

പല്ലെക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്.

ലങ്കന്‍ ബാറ്റിങ് നിരയില്‍ ചരിത് അസലങ്ക 74 പന്തില്‍ പുറത്താവാതെ 97 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുമാണ് അസലങ്കയുടെ ബാറ്റില്‍ നിന്നും പിറന്നത്. അസലങ്കക്ക് പുറമെ നായകന്‍ കുശാല്‍ മെന്‍ഡിസ് 65 പന്തില്‍ 61 റണ്‍സും സധീര സമരവിക്രമ 61 പന്തില്‍ 52 റണ്‍സും ജനിത് ലിയനാഗെ 48 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ അസ്മത്തുള്ള ഒമര്‍സായ് മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 33.5 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ റഹ്‌മത്ത് ഷാ 69 പന്തില്‍ 63 റണ്‍സും ഇബ്രാഹിം സദ്രാന്‍ 76 പന്തില്‍ 54 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മത്സരത്തില്‍ 143 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയില്‍ നിന്നതിന് ശേഷം അഫ്ഗാന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരങ്കയാണ് അഫ്ഗാനെ തകര്‍ത്തത്. 6.5 ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കിയായിരുന്നു താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. അസിതാ ഫെര്‍ണാണ്ടൊ, ദില്‍ശന്‍ മധുശങ്ക എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാന്‍ ലങ്കക്ക് സാധിച്ചു. ഫെബ്രുവരി 14നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. പല്ലെക്കലെ സ്റ്റേഡിയമാണ് വേദി.

Content Highlight: Sri lanka beat Afghanistan in Odi