തമിഴ് സിനിമയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് ശ്രീകാന്ത്. റോജാ കൂട്ടം എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ശ്രീകാന്ത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 50ലധികം സിനിമകളുടെ ഭാഗമായി. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായ നന്‍പനില്‍ ശ്രീകാന്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ്‌യായിരുന്നു നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്രീകാന്ത്. ചിത്രത്തില്‍ ഏറ്റവുമൊടുവില്‍ ജോയിന്‍ ചെയ്തത് താനായിരുന്നെന്നും അത്രയും വലിയ പ്രൊജക്ടില്‍ ഭാഗമാകുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ താന്‍ സെറ്റിലെത്തിയ ദിവസം വിജയ് എന്തോ കാര്യത്തില്‍ പിണങ്ങി ദേഷ്യപ്പെട്ട് പോകുന്നതാണ് താന്‍ കണ്ടതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
വിജയ്‌യുടെ ഹെയര്‍സ്റ്റൈല്‍ കാരണം ശങ്കറും അദ്ദേഹവും തമ്മില്‍ എന്തോ പിണക്കമുണ്ടായതുകൊണ്ടാണ് വിജയ് പിണങ്ങിപ്പോയതെന്നും ശ്രീകാന്ത് പറഞ്ഞു. വിജയ്ക്ക് പകരം മഹേഷ് ബാബുവിനെയോ സൂര്യയെയോ കണ്ടുവരാന്‍ പ്ലാന്‍ ചെയ്‌തെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആ പ്രൊജക്ടിന് വേണ്ടി താന്‍ നാല് സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നെന്നും നന്‍പന്‍ നടക്കാതെ പോയാല്‍ തനിക്ക് വലിയ നഷ്ടമാകുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘നന്‍പന്‍ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തത് ഞാനായിരുന്നു. സെറ്റിലെത്തിയപ്പോള്‍ തന്നെ ഷങ്കര്‍ സാറിനെ കാണാന്‍ വേണ്ടി പോയി. അപ്പോള്‍ വിജയ് സാര്‍ അവിടന്ന് ഇറങ്ങിവരികയായിരുന്നു. ഞാന്‍ പുള്ളിയെ നോക്കി ചിരിച്ചെങ്കിലും അദ്ദേഹമത് മൈന്‍ഡ് ചെയ്തില്ല. പിന്നെയാണ് അറിഞ്ഞത് വിജയ് സാറും ഷങ്കര്‍ സാറും തമ്മില്‍ പ്രശ്‌നമായെന്ന്. പുള്ളിയുടെ ഹെയര്‍സ്റ്റൈലിനെപ്പറ്റിയായിരുന്നു പ്രശ്‌നം.
പുള്ളി ആ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ആ റോളിലേക്ക് പിന്നീട് മഹേഷ് ബാബുവിനെയോ അല്ലെങ്കില്‍ ആദ്യം പ്ലാന്‍ ചെയ്തത് പോലെ സൂര്യയെയോ വിളിക്കാമെന്ന് ഷങ്കര്‍ സാര്‍ പറഞ്ഞിരുന്നു. എന്റെ പേടി അതായിരുന്നില്ല, ആ പടത്തിന് വേണ്ടി വേറെ അഞ്ച് പടങ്ങള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു. എന്നിട്ടാണ് നന്‍പന്റെ സെറ്റിലേക്കെത്തിയത്. എങ്ങാനും ആ പടം മുടങ്ങിയിരുന്നെങ്കില്‍ എനിക്ക് വലിയ നഷ്ടമായേനെ. അതേ കാസ്റ്റില്‍ തന്നെ പിന്നീട് പടം പൂര്‍ത്തിയായി,’ ശ്രീകാന്ത് പറയുന്നു.
Content Highlight: Srikanth shares the shooting experience of Nanban movie