മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതനായ വ്യക്തിയാണ് ശ്രീകാന്ത് മുരളി. കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാന സഹായിയായിട്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചത്. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെയാണ് അദ്ദേഹം സ്വതന്ത്രസംവിധായകനായി മാറിയത്.
1997ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായ ചന്ദ്രലേഖയില്‍ ശ്രീകാന്ത് മുരളി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ എഴുതിയ ഈ സിനിമ നിര്‍മിച്ചത് സംവിധായകന്‍ ഫാസിലായിരുന്നു.
ഇപ്പോള്‍ ഈ സിനിമയുടെ സമയത്ത് മോഹന്‍ലാലിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് ശ്രീകാന്ത് മുരളി. മോഹന്‍ലാലിന്റെ സംസാരം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരനാണ് നമ്മളെന്ന് തോന്നിപോകുമെന്നാണ് ശ്രീകാന്ത് പറയുന്നത്. യെസ് 27 എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചന്ദ്രലേഖ സിനിമയുടെ ഏകദേശം 75 ഓളം സീനുകള്‍ എഴുതിയത് പ്രിയന്‍ സാറായിരുന്നു. എത്രയോ കാലങ്ങള്‍ക്ക് ശേഷമായിരുന്നു സാര്‍ ഒരു സിനിമ മുഴുവനായി എഴുതുന്നത്. ആ കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അന്ന് അതിന്റെ കോപ്പി എടുത്തിരുന്നത് ഞാനായിരുന്നു. സാര്‍ എഴുതി തരുന്നത് ഫെയറായി ലെഫ്റ്റ് റൈറ്റ് ആയിട്ട് എഴുതുകയെന്നത് എന്റെ പണിയായിരുന്നു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ ജോലി. കാര്‍ബണ്‍ കോപ്പി ചെയ്യുകയായിരുന്നു.
ഇന്നത്തെ പോലെ ടൈപ്പ് ചെയ്യാനോ പല പ്രിന്റുകള്‍ അടിക്കാനോയുള്ള സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. പകരം ഒരു എ.ഫോര്‍ സൈസ് പേപ്പര്‍ എടുത്ത് അതില്‍ എഴുതുകയെന്ന് മാത്രമായിരുന്നു മാര്‍ഗം. അതൊക്കെ എഴുതി കഴിഞ്ഞ സാഹചര്യത്തില്‍ ഒരു ദിവസം ആ സിനിമയുടെ പ്രൊഡ്യൂസറായ ഫാസില്‍ സാര്‍ വന്നു. അദ്ദേഹം പ്രിയന്‍ സാറിന്റെ ഗുരു കൂടെ ആയിരുന്നു.
അന്ന് തന്നെ ശ്രീനിയേട്ടനും വന്നു. അദ്ദേഹം വന്ന് കുറച്ചു കഴിഞ്ഞതും മോഹന്‍ലാല്‍ സാറും അവിടേക്ക് വന്നു. ലാല്‍ സാര്‍ അന്ന് അധിക നേരം അവിടെ നിന്നിരുന്നില്ല. എത്ര സമയം അദ്ദേഹം അവിടെ നിന്നുവെന്ന് എനിക്ക് ഓര്‍മയില്ല. ഒരു ബഹളമുണ്ടാക്കി, അദ്ദേഹം വന്ന് നമ്മളെ പരിചയപ്പെട്ടു. ഉച്ചക്ക് ഊണ് കഴിക്കാന്‍ നേരം കുറച്ച് കറിയൊക്കെ വിളമ്പി തന്നിട്ടാണ് അ്‌ദ്ദേഹം അന്ന് പോയത്.
അങ്ങനെയുള്ള ആളാണ് ലാല്‍ സാര്‍. അദ്ദേഹം ആരുമായും എളുപ്പം കമ്മ്യൂണിക്കേറ്റ് ചെയ്യും. ലാല്‍ സാറിന്റെ സംസാരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് കേള്‍ക്കുമ്പോള്‍ ലാല്‍ സാറിന്റെ ഏറ്റവും പ്രിയങ്കരനാണ് നമ്മളെന്ന് നമുക്ക് തോന്നും. അങ്ങനെയുള്ള വ്യക്തിയാണ് അദ്ദേഹം. ലാല്‍ സാറിന്റെ ഏറ്റവും ഫേവറൈറ്റ് നമ്മളാണെന്ന് അദ്ദേഹം തോന്നിപ്പിക്കും. അത് സാറിന്റെ ഒരു മെക്കാനിസമാണ്,’ ശ്രീകാന്ത് മുരളി പറഞ്ഞു.
Content Highlight: Srikanth Murali Talks About Mohanlal