മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതനായ വ്യക്തിയാണ് ശ്രീകാന്ത് മുരളി. കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാന സഹായിയായിട്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചത്. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെയാണ് അദ്ദേഹം സ്വതന്ത്രസംവിധായകനായി മാറിയത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1997ല്‍ റിലീസായ ചന്ദ്രലേഖയില്‍ ശ്രീകാന്തും സംവിധാനസഹായിയായിരുന്നു.
ബോളിവുഡ് താരം അനില്‍ കപൂറിന്റെ സാന്നിധ്യം ചന്ദ്രലേഖയിലെ വലിയൊരു ചര്‍ച്ചാവിഷയമായിരുന്നു. ബോളിവുഡില്‍ വലിയ തിരക്കില്‍ നില്‍ക്കുന്ന സമയത്താണ് അനില്‍ വെറും മിനിറ്റുകള്‍ മാത്രമുള്ള സീനിന് വേണ്ടി മലയാളത്തിലേക്കുന്നത്. അനില്‍ കപൂറും മോഹന്‍ലാലും തമ്മിലുള്ള സീന്‍ ഷൂട്ട് ചെയ്യുന്നത് കാണാന്‍ രസകരമായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു. മോഹന്‍ലാല്‍ വളരെ അനായാസമായാണ് ആ സീന്‍ ചെയ്തതെന്നും എന്നാല്‍ അനില്‍ കപൂര്‍ ആ സീനിന് മുമ്പ് വല്ലാതെ ടെന്‍ഷനടിച്ചെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ചന്ദ്രലേഖക്ക് മുമ്പ് അനില്‍ കപൂറും പ്രിയദര്‍ശനും ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നെന്നും ആ കാരണം കൊണ്ടാണ് അദ്ദേഹം ഒരൊറ്റ സീനിന് വേണ്ടി വന്നതെന്നും ശ്രീകാന്ത് പറഞ്ഞു. അനില്‍ കപൂര്‍ അന്നത്തെപ്പോലെയാണ് ഇപ്പോഴെന്നും ഈയടുത്ത് അദ്ദേഹം അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച വെക്കുന്നതെന്നും ബോളിവുഡിലെ ഡെഡിക്കേറ്റഡായിട്ടുള്ള നടന്മാരില്‍ ഒരാളാണ് അനിലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചന്ദ്രലേഖ എന്ന സിനിമ ഒരുപാട് പ്രത്യേകതകളുള്ളതാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോമ്പോയെപ്പോലെ എല്ലാവരും എടുത്തുപറയുന്ന ഒന്നാണ് അനില്‍ കപൂറിന്റെ ഗസ്റ്റ് റോള്‍. വെറും രണ്ട് മിനിറ്റ് മാത്രമേ പുള്ളി ഈ സിനിമയിലുള്ളൂ. ആ സീനില്‍ ലാലേട്ടനും അനില്‍ കപൂറുമാണ് മെയിന്‍. ശ്രീനിയേട്ടന്‍ ഇവരുടെ പെര്‍ഫോമന്‍സ് കണ്ടുകൊണ്ടിരിക്കുക മാത്രമേ ചെയ്തുള്ളൂ. ലാലേട്ടന്‍ വളരെ അനായാസമായിട്ട് ആ സീന്‍ ചെയ്തു. അനില്‍ കപൂര്‍ ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിട്ടാണ് അഭിനയിച്ചത്.
ചന്ദ്രലേഖക്ക് മുമ്പ് പ്രിയന്‍ സാര്‍ ചെയ്ത വിരാസത് എന്ന സിനിമയില്‍ അനിലായിരുന്നു നായകന്‍. ബോളിവുഡില്‍ ആ പടം വലിയ വിജയമായി മാറി. അതിന് ശേഷം ചെയ്യുന്ന സിനിമ, അറിയാത്ത ഭാഷ ഈ കാരണങ്ങളൊക്കെ കൊണ്ട് മൂപ്പര്‍ നല്ല ടെന്‍ഷനിലായിരുന്നു. ആ സീന്‍ അദ്ദേഹം ഗംഭീരമായി ചെയ്തു. അന്നത്തെ അതേ ചെറുപ്പമാണ് അനില്‍ കപൂറിന് ഇപ്പോഴും. ഈയടുത്ത് അദ്ദേഹം ചെയ്ത സിനിമകളിലെല്ലാം നല്ല പെര്‍ഫോമന്‍സായിരുന്നു. ബോളിവുഡിലെ ഡെഡിക്കേറ്റഡായിട്ടുള്ള നടനാണ് അദ്ദേഹം,’ ശ്രീകാന്ത് മുരളി പറഞ്ഞു.
Content Highlight: Srikanth Murali shares the shooting experience of Chandralekha movie and Anil Kapoor