|

സിനിമ ഇങ്ങനെയും സാധ്യമാണെന്ന് മനസ്സിലാക്കിയത് തൊണ്ടിമുതലിലെ ആ സീന്‍ കണ്ടപ്പോഴാണ്: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലെ മകള്‍ ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്ന സീന്‍ കണ്ടപ്പോഴാണ് സിനിമ ഇങ്ങനെയും സാധ്യമാണോയെന്ന് താന്‍ മനസിലാക്കിയതെന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. രാജീവ് രവിയാണ് ഈ സീനിനെ അത്ര അനായാസമായി കൈകാര്യം ചെയ്തതെന്നും ശ്രീകാന്ത് മുരളി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ രീതിയിലുള്ള ഒരു കഥപറച്ചിലാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമ. ആ സിനിമയിലൂടെ നമുക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുള്ള സന്തോഷം എന്ന് പറയുന്നത് ചെറുതൊന്നുമല്ല. എനിക്കും അതിലൊരു ഭാഗമാകാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. എബി എന്ന എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ആ സിനിമയിലേക്ക് ഞാന്‍ എത്തുന്നത്. ദിലീഷ് പോത്തന്‍ എബിയില്‍ ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നുണ്ടായിരുന്നു.

ഒരു ദിവസം രാത്രി 11 മണിയായപ്പോള്‍ സുരാജ് ഓടിവന്നിട്ട് പറഞ്ഞു, ചേട്ടാ, പോത്തന്‍ ഇപ്പോ ഒരു ഗംഭീര കഥപറഞ്ഞു, ഞാന്‍ അതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, നമ്മുടെ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ ഇങ്ങനൊരു സംഭവമുണ്ടായല്ലോ എന്നൊക്കെ സുരാജ് വളരെ സന്തോഷത്തോടെ പറഞ്ഞു.

പിറ്റേന്ന് ദിലീഷ് പോത്തന്റെ സ്വീകന്‍സുകള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ പോത്തന്‍ വന്ന് ചേട്ടാ, ഒരു സംഭവമുണ്ട്, ശ്യാം വിളിക്കുമെന്ന് പറഞ്ഞു. എനിക്ക് പെട്ടെന്ന് കണക്ടായില്ല എന്തായിരിക്കും പറഞ്ഞതെന്ന്. പിന്നീട് എബിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴാണ് ശ്യാംപുഷ്‌കരന്‍ വിളിക്കുന്നത്. ഒരു പരിപാടിയുണ്ട്, ചേട്ടന്‍ വരണമെന്ന് ശ്യാംപുഷ്‌കരന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലെത്തിയത്.ആറ് ദിവസത്തോളം ഞാന്‍ ആ സിനിമയോടൊപ്പമുണ്ടായിരുന്നു. ഒരു സെറ്റിനെ എങ്ങനെ കംഫര്‍ട്ടാക്കി നിര്‍ത്താമെന്നതിന്റെ ഉദാഹരണമായിരുന്നു ആ സിനിമ.

രാജീവ് രവിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. സുഹൃത്ത് എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാട്ടോഗ്രാഫര്‍മാരുടെ ലിസ്റ്റെടുത്താന്‍ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ വരുന്ന ആളാണ് അദ്ദേഹം.

തൊണ്ടിമുതലിന്റെ തുടക്ക സീനുകളെല്ലാം ഷൂട്ട് ചെയ്തത് തവണക്കടവ് എന്ന സ്ഥലത്താണ്. അവിടെ 200 പേരൊക്കെ പാസ് ചെയ്യുന്ന ഒരു സ്ഥലമാണ്. രാജീവ് അതിനെയെല്ലാം വളരെ വിദഗ്ധമായി കൈകാര്യം ചെയ്തു. ആ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും.

ജംഗാറുകള്‍ വന്ന് നില്‍ക്കുന്ന ബോട്ട് ജെട്ടിയോട് ചേര്‍ന്നാണ് ആ സിനിമയിലെ കവല. ആ കവലയിലാണ് ഞാനും സുരാജ് വെഞ്ഞാറമൂടും വെട്ടുകിളി പ്രകാശ് ചേട്ടനുമുള്ള സീന്‍ ഷൂട്ട് ചെയ്തത്. ഒരു ജംഗാറ് വന്ന് നില്‍ക്കുമ്പോള്‍ ഇരൂന്നൂറോളം പേര്‍ അതില്‍ നിന്ന് ഇറങ്ങിപ്പോകും. അവരെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ഒരു ക്യാമറ വെച്ചാല്‍ ഇവരെല്ലാവരും ആ ക്യാമറയിലേക്ക് നോക്കുകയും ക്യാമറ കോണ്‍ഷ്യസാകുകയും ചെയ്യും. അതിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെട്ട് പോകുകയും ചെയ്യു.

അതിനെ അതിവിദഗ്ധമായാണ് രാജീവ് രവി കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ഇരുന്നൂറ് പേര്‍ക്ക് കാണാന്‍ പാകത്തില്‍ മറ്റൊരു ക്യാമറ വെച്ച്, അവരുടെ ശ്രദ്ധ അതിലേക്ക് മാറ്റുകയും സുരാജില്ലാത്ത പോര്‍ഷനില്‍ സുരാജ് ആ ക്യാമറക്ക് മുന്നില്‍ അഭിനയിക്കുകയും ചെയ്തു. അതോടെ ആളുകളൊക്കെ അതിനടുത്തേക്ക് പോയി.

ഇപ്പുറത്ത് ആരുമറിയാതെ ഞാനും വെട്ടുകിളി പ്രകാശ് ചേട്ടനുമുള്ള മകള്‍ ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്ന ആ സീന്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. അല്ലെങ്കില്‍ ഇരുന്നൂറിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ കൊണ്ടുവന്നിട്ട് വേണമായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യാന്‍. വളരെ നാച്ചുറലായ ആ സീന്‍ കണ്ടപ്പോഴാണ് സിനിമ ഇങ്ങനെയും സാധ്യമാണെന്ന് ഞാന്‍ മനസിലാക്കിയത്,’ ശ്രീകാന്ത് മുരളി പറഞ്ഞു.

content highlights: Srikanth Murali realized that this kind of cinema was possible when he saw that scene in Thondimuthalum Driksakshiyum