ആക്ഷന്‍ ഹീറോ ബിജുവിലെ വക്കീല്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത് മുരളി. എന്നാല്‍ ചെറുപ്പം മുതല്‍ക്കേ സിനിമയുടെ ഭാഗമായിരുന്നു ശ്രീകാന്ത്. കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സഹായിയായി നിരവധി സിനിമകളില്‍ ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി.
നടനെന്ന നിലയില്‍ ഇന്ന് മലയാളസിനിമയില്‍ സജീവമാണ് ശ്രീകാന്ത് മുരളി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിക്ക് മലയാളസിനിമ നല്‍കിയ ആദരമായ വെബ് സീരീസായിരുന്നു മനോരഥങ്ങള്‍. ഒമ്പത് കഥകളുള്‍പ്പെട്ട സീരീസില്‍ ഓളവും തീരവും എന്ന സെഗ്മെന്റിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ശ്രീകാന്ത് മുരളി.
പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയ സെഗ്മെന്റില്‍ താനും സഹായിയായി ഉണ്ടായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു. തൊടുപുഴയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും എട്ട് ദിവസം കൊണ്ട് ഷൂട്ട് തീര്‍ത്തുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പുഴയിലൂടെ ഒഴുകുന്ന തടിയെല്ലാം കൂട്ടിക്കെട്ടുന്ന സീന്‍ അതിലുണ്ടായിരുന്നെന്നും ആ സീന്‍ മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്നും ശ്രീകാന്ത് പറഞ്ഞു.
നല്ല ഒഴുക്കുള്ള പുഴയായിരുന്നെന്നും തനിക്ക് വലിയ ടെന്‍ഷനുണ്ടായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. തന്റെ ടെന്‍ഷന്‍ കണ്ട മോഹന്‍ലാല്‍ താന്‍ നരനില്‍ ഇതുപോലെ ഒരു സീന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് തന്നെ ഓക്കെയാക്കിയെന്നും ഒറ്റ ടേക്കില്‍ ആ ഷോട്ട് ഓക്കെയാക്കിയെന്നും ശ്രീകാന്ത് പറഞ്ഞു. യെസ് 27നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓളവും തീരവും എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴയിലായിരുന്നു. വെള്ളത്തിലൊഴുകുന്ന തടിയെല്ലാം ചേര്‍ത്ത് പിടിക്കുന്ന സീനുണ്ട്. ആദ്യം ഞങ്ങളത് ഒരു ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്തു. എന്നിട്ട് ലാലേട്ടന്‍ വന്നപ്പോള്‍ പുള്ളിക്ക് കാണിച്ചുകൊടുത്തു. അത് കണ്ട് ഒരു ചിരി ചിരിച്ചിട്ട് ‘ഇത് ഞാന്‍ തന്നെ ചെയ്‌തോളാം’ എന്ന് പറഞ്ഞു. പ്രിയന്‍ സാറിനും സന്തോഷ് ശിവന്‍ സാറിനും അത് കേട്ട് വലിയ മാറ്റമൊന്നുമില്ലായിരുന്നു. അവര്‍ക്ക് അതൊരു പുതുമയല്ലല്ലോ. എനിക്ക് ടെന്‍ഷനായി. കാരണം, നല്ല ഒഴുക്കുണ്ട്.
പുള്ളി ഷോട്ടിന് റെഡിയായി സ്‌പോട്ടിലേക്ക് വന്നു. എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ട്, ‘മോനേ പേടിക്കണ്ട, ഇത് ഞാന്‍ ജോഷി സാറിന്റെ നരനില്‍ ചെയ്തിട്ടുണ്ട്’ എന്ന് പറഞ്ഞിട്ട് എന്നെ ഓക്കെയാക്കി. പ്രിയന്‍ സാര്‍ ആക്ഷന്‍ പറഞ്ഞതും പുള്ളി അങ്ങ് തുഴഞ്ഞുപോയി ടൈം ആയപ്പോള്‍ വെള്ളത്തിലേക്ക് ചാടി. ആ കാണുന്ന സീന്‍ മുഴുവന്‍ ഒറ്റ ടേക്കില്‍ ഓക്കെയാക്കി,’ ശ്രീകാന്ത് മുരളി പറഞ്ഞു.
Content Highlight: Srikanth Murali about Olavum Theeravum movie and Mohanlal