| Monday, 16th September 2024, 5:12 pm

ലാലിന് ഡ്യൂപ്പൊന്നും വേണ്ട, സിമ്പിളായി ചെയ്‌തോളുമെന്ന് പ്രിയന്‍ സാര്‍ പറയാതെ പറഞ്ഞു: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത് മുരളി. എന്നാല്‍ ചെറുപ്പം മുതല്‍ക്കേ സിനിമയുടെ ഭാഗമായിരുന്നു ശ്രീകാന്ത്. കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സഹായിയായി നിരവധി സിനിമകളില്‍ ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസായ എബിയിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി.

ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനയരംഗത്ത് തന്റെ സാന്നിധ്യമറിയിച്ച ശ്രീകാന്ത് ഇന്ന് മലയാളസിനിമയില്‍ സജീവമാണ്. പ്രിയദര്‍ശനുമായി ഒന്നിച്ച ചന്ദ്രലേഖയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്രീകാന്ത് മുരളി. ചിത്രത്തില്‍ ഇന്നസെന്റെിനെ കാണാന്‍ വേണ്ടി മോഹന്‍ലാല്‍ സ്‌റ്റെയറിന്റെ ഗ്യാപ്പിലൂടെ ഊര്‍ന്നിറങ്ങിയത് ഒറ്റടേക്കില്‍ ഓക്കെയായ ഷോട്ടാണെന്ന് ശ്രീകാന്ത് പറഞ്ഞു.

ആ ഐഡിയ മോഹന്‍ലാലിന്റേതായിരുന്നുവെന്നും താനടക്കം പലര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിയദര്‍ശനോട് മോഹന്‍ലാല്‍ ഇത് പറഞ്ഞപ്പോള്‍ തന്നെ ഡ്യൂപ്പില്ലാതെ ആ ഷോട്ട് ഓക്കെയാക്കുമെന്ന് പ്രിയന് ഉറപ്പായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.

ആ ഹോസ്പിറ്റല്‍ സെറ്റിട്ടതായിരുന്നെന്നും സാബു സിറിള്‍ ആ ഗ്രില്‍ ഊരിയെടുക്കാന്‍ പാകത്തിന് നിര്‍മിച്ചതാണെന്നും അതിലൂടെ ഒരാള്‍ക്ക് കഷ്ടിച്ച് മാത്രമേ കടക്കാന്‍ പറ്റുള്ളൂവെന്നും ശ്രീകാന്ത് പറഞ്ഞു. ആക്ഷന്‍ പറഞ്ഞപ്പോഴേക്ക് മോഹന്‍ലാല്‍ ഓടിവന്ന് ആ ഗ്യാപ്പിലൂടെ ഊര്‍ന്നിറങ്ങിയെന്നും ആ ഗ്രില്‍ ഇളകുന്നത് ഇപ്പോഴും കാണാന്‍ പറ്റുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. യെസ് 27നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചന്ദ്രലേഖയിലെ ആ ഹോസ്പിറ്റല്‍ ചെന്നൈയില്‍ സെറ്റിട്ടതാണ്. അതില്‍ ‘അമ്മൂമ്മക്കിളി വായാടി’ എന്ന പാട്ടിന് മുമ്പ് ഇന്നസെന്റിനെ മോഹന്‍ലാല്‍ തടഞ്ഞുനിര്‍ത്താന്‍ വരുന്ന സീനുണ്ട്. പുള്ളി ആ സമയം സ്റ്റെപ്പ് ഇറങ്ങുന്നതിന് പകരം ആ ഗ്രില്ലിലൂടെ ഊര്‍ന്നിറങ്ങുകയായിരുന്നു. ആ ഷോട്ട് അല്ലായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിന് മുന്നേയുള്ള ഷോട്ടെടുത്ത ശേഷം പ്രിയനും ലാല്‍ സാറും തമ്മില്‍ സംസാരിക്കുന്നത് ക്യാമറാമാന്‍ കണ്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ലാല്‍ അതിലൂടെ ഊര്‍ന്നിറങ്ങാമെന്ന് പ്രിയന്‍ പറഞ്ഞു.

സാബു സിറിളാണ് ആര്‍ട്ട് ഡയറക്ടര്‍. ഊരിയെടുക്കാന്‍ പറ്റുന്ന രീതിയിലാണ് ആ ഗ്രില്‍ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുമോ എന്ന് സംശയമാണ്. ലാല്‍ സാര്‍ അതിലൂടെ കടക്കുമോ എന്ന് ഞങ്ങളെല്ലാവര്‍ക്കും ഡൗട്ടായിരുന്നു. പക്ഷേ ലാല്‍ സാറിന് ഡ്യൂപ്പൊന്നും വേണ്ട, സിമ്പിളായി ചെയ്യുമെന്ന് പ്രിയന്‍ സാറിന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തു. ഒറ്റ ടേക്കില്‍ ആ ഷോട്ട് ഓക്കെയാക്കി. ആ സിനിമ ഇപ്പോള്‍ കാണുമ്പോഴും ആ ഗ്രില്‍ ഇളകുന്നത് കാണാന്‍ പറ്റും,’ ശ്രീകാന്ത് പറഞ്ഞു.

Content Highlight: Srikanth Murali about Chandralekha movie and Mohanlal

We use cookies to give you the best possible experience. Learn more