| Monday, 16th September 2024, 3:21 pm

ആ സിനിമ കണ്ടിട്ട് രാത്രി പതിനൊന്ന് മണിക്ക് പ്രിയദര്‍ശന്‍ സാര്‍ എന്നെ വിളിച്ചിട്ട് ഞാനിനി സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രീകാന്തിന് സാധിച്ചു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി.

പ്രിയദര്‍ശനുമായി ഗുരു-ശിഷ്യ ബന്ധത്തെക്കാള്‍ ഒരു ജ്യേഷ്ഠതുല്യനായാണ് അദ്ദേഹത്തെ കാണുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ഇന്നും അവരോട് സംസാരിക്കുമ്പോള്‍ സിനിമയുടെ ഫയര്‍ അവരുടെയുള്ളില്‍ ഉള്ളതായി തോന്നാറുണ്ടെന്നും ശ്രീകാന്ത് മുരളി കൂട്ടിച്ചേര്‍ത്തു. അദ്ദേഹ കൊച്ചിയിലെത്തുമ്പോള്‍ പോയി കാണാറുണ്ടെന്നും കാണുമ്പോള്‍ മുഴുവന്‍ സിനിമയെക്കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും ശ്രീകാന്ത് പറഞ്ഞു. ഇന്നും അവരില്‍ നിന്ന് മികച്ച സിനിമകള്‍ കിട്ടുന്നതിന്റെ കാരണമതാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കുമ്പളങ്ങി നൈറ്റ്‌സ് റിലീസായ സമയത്ത് രാത്രി പതിനൊന്നരക്ക് പ്രിയദര്‍ശന്‍ തന്നെ വിളിച്ചിട്ട് ഇനി സിനിമ ചെയ്യുന്നില്ല, ഇതിന് മുകളില്‍ നില്‍ക്കുന്ന ഒന്ന് ചെയ്യാന്‍ തനിക്ക് പറ്റില്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. പുതിയ സിനിമകളെല്ലാം കണ്ട് പുതിയ ആളുകളില്‍ നിന്ന് എന്തൊക്കെ പഠിക്കാമെന്ന് ചിന്തിക്കുന്നയാളാണ് പ്രിയദര്‍ശനെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. യെസ് 27ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കെ.ജി.ജോര്‍ജ് സാറിന് ശേഷം ഞാന്‍ പ്രിയദര്‍ശന്‍ സാറിന്റെയടുത്തേക്കാണ് പോയത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഓരോ സിനിമയെയും അദ്ദേഹം സമീപിക്കുന്ന രീതി കാണാന്‍ തന്നെ നല്ല രസമാണ്. ഇന്നും അദ്ദേഹവുമായി നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഗുരു-ശിഷ്യബന്ധത്തെക്കാളുപരി ഒരു ജ്യേഷ്ഠനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.

അദ്ദേഹത്തെ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ നോക്കാറില്ല. വല്ലപ്പോഴും മാത്രം വിളിക്കും, കൊച്ചിയില്‍ അദ്ദേഹം ഉണ്ടെങ്കില്‍ വിളിച്ച് ചോദിച്ചിട്ട് പോയി കാണും.കാണുമ്പോള്‍ മുഴുവന്‍ സിനിമയെക്കുറിച്ചാകും സംസാരിക്കുക. എത്രനേരം വേണമെങ്കിലും സിനിമകളെപ്പറ്റി സംസാരിക്കാന്‍ കഴിയുന്ന സംവിധായകനാണ് അദ്ദേഹം. ഇന്നും ഓരോ പുതിയ സിനിമ അവരില്‍ നിന്ന് വരുന്നതിന്റെ കാരണം, അവരുടെയുള്ളിലുള്ള ആ ഫയറാണ്.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, കുമ്പളങ്ങി നൈറ്റ്‌സ് റിലീസായ സമയത്ത് രാത്രി പതിനൊന്നരക്ക് എന്നെ വിളിച്ചിട്ട് ‘എടോ, ഞാനിനി സിനിമ ചെയ്യുന്നില്ല, ഇതിന്റെ മുകളില്‍ ഇനി എന്താണ് ചെയ്യാന്‍ പറ്റുക’ എന്നാണ് പറഞ്ഞത്. അത്രമാത്രം സിനിമയോട് പാഷനേറ്റായ ആളാണ് അദ്ദേഹം,’ ശ്രീകാന്ത് മുരളി പറഞ്ഞു.

Content Highlight: Srikant Murali about Priyadarshan

We use cookies to give you the best possible experience. Learn more