| Wednesday, 28th February 2018, 4:15 pm

ശ്രീദേവിക്ക് യാത്രാമൊഴി; വിലാപയാത്രയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം പാര്‍ലെ ശ്മശാനത്തില്‍ എത്തിച്ചു.

അന്ധേരിയില്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് വിലാപയാത്രയായി മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത്. വെളളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം ശ്മാശനത്തിലേക്ക് എത്തിച്ചത്. പ്രമുഖ സിനിമാ താരങ്ങളും ആരാധകരും വിലാപയാത്രയെ അനുഗമിച്ചു.

കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങളും അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതിക ശരീരം ബന്ധുക്കള്‍ പൊതുദര്‍ശനത്തിന് വച്ചത്. വെകുന്നേരത്തോടു കൂടി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അനുശോചന സമ്മേളനം നടക്കും.

ശ്രീദേവിക്ക് അന്ത്യോപചാരം അര്‍പിക്കുന്നതിനായി സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ ആയിരങ്ങളാണ് പൊതുദര്‍ശനത്തിന് വച്ച സെലിബ്രേഷന്‍സ് ക്ലബ്ബിലേക്ക് പ്ര വഹിച്ചത്. പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ വിലാപ യാത്ര പോകുന്ന വഴിയിലും നിരവധി പേര്‍ തടിച്ചു കൂടുകയുണ്ടായി.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബൈയില്‍നിന്ന് പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂര്‍, അനുജന്‍ സഞ്ജയ് കപൂര്‍, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍, അനില്‍ അംബാനി, നടന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

ഫെബ്രുവരി 24ന് രാത്രിയാണ് ശ്രീദേവിയെ ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലം മരണപ്പെട്ടുവെന്നാന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത്ത്ടബ്ബിലുള്ള മുങ്ങിമരണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബൈയിലെത്തിയത്.

We use cookies to give you the best possible experience. Learn more