ദുബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ അനന്തമായി നീളുന്നു. കേസന്വേഷണത്തില്‍ പ്രോസ്‌ക്യൂഷന്റെ തീരുമാനം വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടുന്നത് നീളാന്‍ കാരണം .
അതേസമയം മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ബര്‍ദുബൈ പോലീസ് സ്‌റ്റേഷനിലെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളെ തിരിച്ചയച്ചു.
ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട്നെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ സംഭവം പരിശോധിച്ചു വരികയായിരുന്നു. മുറിവ് വീഴ്ചയിലുണ്ടായതാണെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം വിട്ടുകൊടുക്കുമെന്നും എന്നാല്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കുമെന്നുമായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.
മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനായിരുന്നു ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാമെന്നായിരുന്നു കണ്ക്കു കൂട്ടല്‍. എന്നാല്‍ ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.