ഇതൊരു അവസരമാണ്, സുവര്‍ണാവസരം; അഗ്നിപഥില്‍ ശ്രീ.ശ്രീ. രവിശങ്കര്‍
Kerala News
ഇതൊരു അവസരമാണ്, സുവര്‍ണാവസരം; അഗ്നിപഥില്‍ ശ്രീ.ശ്രീ. രവിശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 1:57 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ.ശ്രീ. രവിശങ്കര്‍.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ത്യാഗ മനോഭാവത്തില്‍ നിന്ന് പുറത്തു വന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അര്‍പ്പണബോധമുള്ള യുവാക്കള്‍ക്ക് ഇതൊരു അവസരമാണെന്നും ലഭ്യമായ സൗകര്യങ്ങളും പരിശീലനവും ഉപയോഗിച്ച് രാജ്യത്തിന് പ്രയോജനം ചെയ്യണമെന്നും ശ്രീ. ശ്രീ. രവിശങ്കര്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വിറ്റ്സര്‍ലന്‍ഡിന്റെയും സിംഗപ്പൂരിന്റെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ പ്രതികരിച്ചത്.

‘ഇന്ത്യയുടെ അഗ്നിപഥ് മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. ലോകമെമ്പാടും, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ പോലും, ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ സൈനിക സേവനം നിര്‍ബന്ധമാണ്. അതുകൊണ്ട് ഇന്ത്യയുടെ പുതിയ സൈനിക സേവന പദ്ധതിയാണ് ഏറ്റവും മികച്ചത്,’ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ യുവാക്കള്‍ക്കുള്ള അവസരമാണ് അഗ്‌നിപഥ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹരിയാനയിലും ഉത്തര്‍പ്രദേശിലും പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രതയിലാണ്.

ബിഹാറില്‍ അക്രമ സംഭവങ്ങള്‍ക്ക് ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്ഥിതി മോശമാകാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് 15 ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടിയിട്ടുണ്ട്. ഈ മാസം 16 മുതല്‍ 18 വരെ നടന്ന അക്രമ സംഭവങ്ങളില്‍ 145 എഫ്.ഐ.ആറുകള്‍ പ്രകാരം 804 ആളുകള്‍ക്ക് എതിരെയാണ് ബിഹാര്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടുള്ളത്.

ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ പ്രതിഷേധത്തിനിടെ ട്രെയിന്‍ കത്തിച്ച സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചിട്ടുണ്ട്.

Content Highlights: sri sri ravi sankar Supporting the project amid mounting protests against the Agnipath announced by the central government