| Tuesday, 18th June 2019, 12:42 pm

കീര്‍ത്തിയ്ക്ക് അഭിനയം അറിയില്ല, കാണാന്‍ രോഗിയെപ്പോലെയായി; സായ് പല്ലവി തകര്‍ക്കുകയാണെന്നും ശ്രീ റെഡ്ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാകുല്‍ പ്രീതിനെ അധിക്ഷേപിച്ചതിന് പിന്നാലെ കീര്‍ത്തി സുരേഷിനെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി. കീര്‍ത്തി സുരേഷ് ബോളിവുഡ് ചിത്രത്തിന് വേണ്ടി തടി കുറച്ചതിനെയാണ് ശ്രീ റെഡ്ഡി വിമര്‍ശിച്ചിരിക്കുന്നത്.

ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ടും തനിക്ക് അവരെ മനസിലായില്ലെന്നും തടികുറച്ച കീര്‍ത്തിയെ കാണാന്‍ രോഗിയെപ്പോലെയായെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

‘വിമാനത്തിലുള്ളവര്‍ എന്റെയടുത്താണ് സംസാരിക്കാനും സെല്‍ഫിയെടുക്കാനും വന്നത്. എന്നാല്‍ കീര്‍ത്തിയെ ഒരാള്‍ക്കും മനസിലായില്ല’- ശ്രീ റെഡ്ഡി പറഞ്ഞു.

മഹാനടി വിജയിച്ചിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ കഴിവാണെന്നും കീര്‍ത്തിയ്ക്ക് അഭിനയം അറിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സംവിധായകന്‍ പഠിപ്പിച്ചതിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയമെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

അതേസമയം, സായ് പല്ലവിയുടെ അഭിനയം നല്ലതാണെന്നും അവര്‍ തകര്‍ക്കുകയാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഇതിനു മുമ്പും ശ്രീ റെഡ്ഡി കീര്‍ത്തിയെ വിമര്‍ശിച്ചിരുന്നു. കീര്‍ത്തി- വിശാല്‍ ജോഡികള്‍ ഒന്നിച്ച സണ്ടക്കോഴി-2വിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ശ്രീ റെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് അവരെ ചൊടിപ്പിച്ചത്.

‘ഈ വിവാദങ്ങള്‍ക്കെല്ലാം ഒടുവിലും അവര്‍ക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ലൊരു കാര്യമാണ്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തില്‍ അവരോടൊപ്പം അഭിനയിക്കുന്നത് അവര്‍ വളരെയേറെ ശ്രദ്ധിക്കണം. അവരില്‍ നിന്ന് രക്ഷനേടാന്‍ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കണം, ശ്രീ റെഡ്ഡി അത് വച്ചിട്ടില്ലെങ്കില്‍ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷന്‍ സ്വാഭാവികമായും വന്നുകൊള്ളും’ എന്നായിരുന്നു വിശാല്‍ ശ്രീ റെഡ്ഡിയെ കുറിച്ച് പറഞ്ഞത്.

കീര്‍ത്തിയുള്‍പ്പടെയുള്ളവര്‍ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ് ശ്രീ റെഡ്ഡിയെ ചൊടിപ്പിച്ചത്.

‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി അരോചകമായിരുന്നു. വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും. ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല എന്നായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്.

We use cookies to give you the best possible experience. Learn more