| Sunday, 8th January 2023, 9:21 am

ശ്രീറാം സേന ജില്ലാ പ്രസിഡന്റിന് വെടിയേറ്റു; സംഭവം അതിര്‍ത്തി തര്‍ക്കം നടക്കുന്ന ബെലഗാവിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തീവ്ര ഹിന്ദു സംഘടനയായ ശ്രീറാം സേന ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലഗാവിയിലെ ഹിന്ദാലഗ വില്ലേജിന് സമീപമാണ് സംഭവം നടന്നത്.

ശ്രീറാം സേന ബെലഗാവി ജില്ലാ പ്രസിഡന്റായ രവി കോകിത്കര്‍ക്കും ഡ്രൈവര്‍ മനോജ് ദേസൂര്‍കര്‍ക്കുമാണ് വെടിയേറ്റത്. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്.

ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ഹിന്ദാലഗയിലേക്ക് പോവുന്നതിനിടയില്‍ മറാത്തി സ്‌കൂളിന് സമീത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വെച്ച് കാറിന്റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തത്.

മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരില്‍ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജില്ലയാണ് ബെലഗാവി.

‘ഭവിരാട് ഹിന്ദു സമാവേശ്’ എന്ന പേരില്‍ തീവ്രഹിന്ദു സംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ബെലഗാവിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ശ്രീറാം സേന സ്ഥാപക പ്രസിഡന്റ് പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.

വെടിയുണ്ടകളെയോ ബോംബുകളെയോ വാളുകളെയോ തങ്ങള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം

1960 മെയ് ഒന്നിന് മഹാരാഷ്ട്ര സംസ്ഥാനം സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ് ബെലഗാവിയില്‍ 70 ശതമാനത്തോളം വരുന്നത്. ബെലഗാവി, കര്‍വാര്‍, നിപാനി തുടങ്ങിയ 865 ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് അന്ന് മുതല്‍ മഹാരാഷ്ട്ര ആവശ്യപ്പെടുന്നുണ്ട്.

കന്നഡ ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന മഹാരാഷ്ട്രയിലെ 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും അന്ന് മഹാരാഷ്ട്ര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നപരിഹാരത്തിനായി ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും മറ്റും നടന്നിരുന്നെങ്കിലും അതിര്‍ത്തി തര്‍ക്കം തുടര്‍ന്നു. 2022 നവംബറില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.

തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ നാല്‍പതോളം ഗ്രാമങ്ങള്‍ക്ക് മേല്‍ അവകാശമുന്നയിച്ച് ബസവരാജ ബൊമ്മൈ രംഗത്ത് എത്തിയതോടെയാണ് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിവെച്ചത്.

കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഇരു കൂട്ടരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും തർക്കത്തിലിതുവരെ തീരുമാനമായിട്ടില്ല. എന്‍.ഡി.എ നേതൃത്വം നല്‍കുന്ന രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലാണ് തര്‍ക്കമെന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയാണ്.

Content Highlight: Sri Rama Sene Belagavi chief Ravi Kokitkar, driver shot at, injured

We use cookies to give you the best possible experience. Learn more