പൂനെ: സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മുസ്‌ലിം പക്ഷത്തെ ഗ്യാന്‍വാപി, മഥുര പള്ളികള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി പ്രശ്‌നങ്ങള്‍ സമാധാന അന്തരീക്ഷത്തില്‍ പരിഹരിച്ചാല്‍ ഹിന്ദുക്കള്‍ മറ്റ് ക്ഷേത്രങ്ങളിലേക്ക് നോക്കില്ലെന്നും ദേവ് ഗിരി മഹാരാജ് പറഞ്ഞു.
പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദ് ദേവ് ഗിരി മഹാരാജ്.
കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ വിദേശ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ദേവ് ഗിരി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെന്നും ദേവ് ഗിരി മഹാരാജ് പറഞ്ഞു.
നമ്മള്‍ ഭാവിയിലാണ് ജീവിക്കേണ്ടതെന്നും ഭൂതകാലത്തിലല്ലെന്നും അധിനിവേശത്തിന്റെ മുറിവ് മായ്ക്കാനുള്ള ശ്രമമാണിതെന്നും അല്ലാതെ രണ്ട് വിശ്വാസ സമൂഹങ്ങള്‍ തമ്മിലുള്ള വിഷയങ്ങളല്ലെന്നും ദേവ് ഗിരി മഹാരാജ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഹൈന്ദവ ജനങ്ങള്‍ വേദനയിലാണെന്നും ഇസ്‌ലാം സമുദായത്തിന് ഈ വേദന സുഖപ്പെടുത്താന്‍ കഴിയുമെങ്കില്‍ രാജ്യത്ത് സാഹോദര്യം വര്‍ധിപ്പിക്കുന്നതിന് അത് സഹായകമാകുമെന്നും ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍ പറഞ്ഞു.
‘ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ സാധിച്ചു. അതുപോലെ കാശി, മഥുര ക്ഷേത്ര വിഷയങ്ങളും പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു,’ ദേവ് ഗിരി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ അയോധ്യയിലെ രാമക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തുകയും താജ് മഹലില്‍ എല്ലാ വര്‍ഷവും നടന്നുപോരുന്ന ഉറൂസ് നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹസഭ കോടതിയെ സമീപിക്കുകയും ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് വാരണാസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ പള്ളിയുടെ ഗ്രില്ലുകള്‍ തകര്‍ത്ത് അര്‍ദ്ധരാത്രിയില്‍ നിലവറയില്‍ വിഗ്രഹം സ്ഥാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ദേവ് ഗിരി മഹാരാജിന്റെ ഈ പരാമര്‍ശം.
Content Highlight: Sri Rama Janmabhoomi Trust Treasurer says to hand over Gyanvapi and Mathura mosques to Hindus to resolve dispute