| Sunday, 17th June 2018, 10:39 pm

'ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിന്'; ഗൗരി ലങ്കേഷിനെ നായയോടുപമിച്ച് പ്രമോദ് മുത്തലിക്കിന്റെ വിവാദ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിനാണെന്ന് ശ്രീരാമസേനാ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ബെംഗളൂരുവിലെ പൊതുയോഗത്തിലാണു കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചുള്ള മുത്തലിക്കിന്റെ വിവാദ പ്രസംഗം.

“കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലും മഹാരാഷ്ട്രയിലും രണ്ട് കൊലപാതകങ്ങള്‍ നടന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെപ്പറ്റി ആര്‍ക്കും ഒന്നും മിണ്ടാനില്ല. പകരം അവര്‍ ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ചാണ്. മോദി ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന ഒരുപാടു പേരുണ്ട്. കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിനാണ്?” പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൗരി വധത്തില്‍ സംശയ നിഴലിലുള്ള സംഘടനയാണു ശ്രീരാമസേന.

അതേസമയം വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മുത്തലിക്ക് രംഗത്തെത്തി. താന്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പ്രസംഗിച്ചതെന്നും മുത്തലിക് പറഞ്ഞു.


Read Also : കഠ്‌വ സംഭവത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ല; അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും അഡ്വ: ദീപിക സിങ് രജാവത്


ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റ്. പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകന്‍ കെ.ടി.നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

നേരത്തെ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മാറും ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ണാടകയിലെ ബീജാപ്പൂരില്‍ നിന്നും അറസ്റ്റുചെയ്ത വാഗ്മാറാണ് ഗൗരിയെ വെടിവച്ചു വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരശുറാം വാഗ്മാറിന് ഹൈന്ദവസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പെടുത്ത ഈ ചിത്രങ്ങള്‍. എന്നാല്‍ ഇയാളെ അറിയില്ലെന്നും, തന്റെ സംഘടനയുമായി ഇയാള്‍ക്ക് ബന്ധങ്ങളൊന്നുമില്ലെന്നുമായിരുന്നു മുത്തലിക്കിന്റെ വിശദീകരണം.

We use cookies to give you the best possible experience. Learn more