ബെംഗളൂരു: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ സെപ്റ്റംബര്‍ അഞ്ച് വരെ കസ്റ്റഡിയില്‍ വിട്ട് കോടതി.
വ്യാഴാഴ്ചയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പൊലീസ് ശരണരുവിനെ കോടതിയിലെത്തിച്ചത്.
കര്‍ണാടക പൊലീസായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയപരമായി വലിയ സ്വാധീനമുള്ള ലിങ്കായത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ശരണരു.
രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ശ്രീ മുരുഗ മഠത്തിന്റെ (Sri Murugha Mutt) തലവന്‍ കൂടിയായിരുന്നു ശരണരു.
ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു.
”പോക്‌സോ കേസില്‍ ഞങ്ങള്‍ അദ്ദേഹത്തെ (ശ്രീ മുരുഗാ മഠം മേധാവി) അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
അവര്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. കേസില്‍ ഞങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമൊന്നുമില്ല,” കര്‍ണാടക എ.ഡി.ജി.പി അലോക് കുമാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ചിത്രദുര്‍ഗ ജില്ലാ സെഷന്‍സ് കോടതി ശിവമൂര്‍ത്തി മുരുഗ ശരണരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതോടെയായിരുന്നു ശരണരുവിനെതിരെ പോക്സോ ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആറ് ദിവസം മുമ്പായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികളെ പ്രതി രണ്ട് വര്‍ഷത്തിലധികം പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.
Content Highlight: Sri Muruga mutt leader send to custody till september 5 says reports