ലണ്ടന്‍: 2022ലെ ബുക്കര്‍ പ്രൈസ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹാന്‍ കരുണതിലകയുടെ (Shehan Karunatilaka) ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡയ്ക്ക് (The Seven Moons of Maali Almeida).
തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്നും ഷെഹാന്‍ കരുണതിലക പുരസ്‌കാരം സ്വീകരിച്ചു. 50,000 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡും കരുണതിലകക്ക് ലഭിക്കും.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ബുക്കര്‍ പ്രൈസ് വിതരണ ചടങ്ങുകള്‍ ഓണ്‍ലൈനായിട്ടായിരുന്നു നടന്നത്. 2019ന് ശേഷം നേരിട്ട് നടന്ന ബുക്കര്‍ പ്രൈസ് വിതരണം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്.
47കാരനായ കരുണതിലകയുടെ രണ്ടാമത്തെ നോവലാണ് ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ.
ആഭ്യന്തര യുദ്ധം നടക്കുന്ന ശ്രീലങ്കയിലെ യുദ്ധ ഫോട്ടോഗ്രാഫറായ മാലി അല്‍മേഡയുടെ കഥയാണ് ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ പറയുന്നത്.
1990കളിലെ ശ്രീലങ്കയെ പശ്ചാത്തലമാക്കി ഒരുക്കിയ നോവലില്‍ സ്വവര്‍ഗാനുരാഗിയായ ചൂതാട്ടക്കാരന്‍ മാലി അല്‍മേഡ മരിച്ച ശേഷം ഉണരുകയും ആരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് നോവലിലുള്ളത്.
”വ്യത്യസ്ത ജോണറുകളുടെ മാത്രമല്ല, ജീവിതത്തിന്റെയും മരണത്തിന്റെയും, ശരീരത്തിന്റെയും ആത്മാവിന്റെയും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അതിരുകളും ലയിപ്പിക്കുന്ന ഒരു മരണാനന്തര ജീവിത കഥ,” ജഡ്ജിങ് പാനല്‍ അധ്യക്ഷന്‍ നീല്‍ മാക്ഗ്രെഗര്‍ (Neil MacGregor) സെവന്‍ മൂണ്‍സിനെ കുറിച്ച് പറഞ്ഞു.
ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ശ്രീലങ്കന്‍ എഴുത്തുകാരന്‍ കരുണതിലകയുടെ ഈ പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.
നോവലുകള്‍ക്ക് പുറമെ തിരക്കഥകള്‍ക്കും ട്രാവല്‍ സ്റ്റോറികള്‍ക്കും റോക്ക് ഗാനങ്ങള്‍ക്കും പേരുകേട്ടയാളാണ് കരുണതിലക.
ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ എഴുത്തുകാരന്‍ കൂടിയാണ് കരുണതിലക. 1992ല്‍ ദ ഇംഗ്ലീഷ് പേഷ്യന്റ് (The English Patient) എന്ന നോവലിന് മൈക്കല്‍ ഒണ്ടാറ്റ്‌ജെക്ക് (Michael Ondaatje) പുരസ്‌കാരം ലഭിച്ചിരുന്നു. ഈ നോവല്‍ പിന്നീട് സിനിമയായും മാറി.
Content Highlight: Sri Lankan writer Shehan Karunatilaka wins 2022 Booker Prize for his second novel