കൊവിഡ് കാലത്തിന്റെ ഒരുഘട്ടത്തില്‍ ഇനിയെന്ത് എന്നറിയാതെ ഉഴറി നിന്ന സിനിമാസ്വാദകരുടെ മുന്നില്‍ പുത്തന്‍ വാതായനങ്ങള്‍ തുറന്നിട്ടാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മലയാളത്തില്‍ സജീവമായത്. ഇത്തരത്തിലുള്ള ഒട്ടേറെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുന്‍പേ ഉണ്ടായിരുന്നെങ്കിലും മലയാളികള്‍ക്കിടയില്‍ വ്യാപകമായത് കൊവിഡ് കാലത്ത് തന്നെയാണ്.
തിയേറ്റര്‍ തുറക്കാനാവാത്ത സാഹചര്യത്തിലും മോളിവുഡില്‍ സിനിമകളിറങ്ങി, മലയാളികള്‍ സിനിമകള്‍ കണ്ടു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാണെക്കാണെ, സീ യു സൂണ്‍, ഹോം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം, ഹോട്‌സ്റ്റാര്‍, സോണി ലിവ് തുടങ്ങി നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയത്.
ഇത്തരത്തില്‍ ഒ.ടി.ടിയിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം നേടിയ ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായെത്തിയ ജോജി. ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ മാക്‌ബെത് എന്ന നാടകത്തില്‍ നിന്നും അനുകല്‍പനം ചെയ്താണ് ചിത്രം പുറത്തിറങ്ങിയത്.
എന്നാലിപ്പോള്‍ ജോജിയും ശ്രീലങ്കന്‍ ടെലിഫിലിമായ റണ്ണിംഗ് പീപ്പിളും തമ്മില്‍ എന്താണ് ബന്ധം എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ശ്രീലങ്കയിലെ സിരിസ ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്ന ടെലിഫിലിം ജോജിയുടെ തനി പകര്‍പ്പാണെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടതോടെ സോഷ്യല്‍ മീഡിയ പറയുന്നത്.
വെറും പകര്‍പ്പല്ല, സീന്‍ ബൈ സീന്‍ കോപ്പിയാണ് റണ്ണിംഗ് പീപ്പിള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. ഒരു മിനിറ്റും 4 സെക്കന്റുമുള്ള ട്രെയ്‌ലറിന്റെ ആദ്യ കാഴ്ചയില്‍ തന്നെ ഇത് ജോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് ചിത്രം കണ്ട ആര്‍ക്കും മനസിലാവും.
സിരസ ടിവിയുടെ ഫേസ്ബുക്ക് പേജില്‍ ഈ മാസം 11നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം വൈറലായതോടെ മലയാളികള്‍ പോസ്റ്റിന് കീഴില്‍ കൂടിയിരിക്കുകയാണ്.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രമാണ് ജോജി.
ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയ ചത്രത്തിത്തില്‍ വിദേശത്തു പോകാനും ധനികനാകാനും ആഗ്രഹിക്കുന്ന, എന്നാല്‍ എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ പോലും ചിത്രം ചര്‍ച്ചയായിരുന്നു. വേഗാസ് മൂവി അവാര്‍ഡ്‌സില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിം അവാര്‍ഡ് ഉള്‍പ്പടെ ചിത്രത്തെ തേടിയെത്തിയിരുന്നു.
Content Highlight: Sri Lankan telefilm adapted by Joji