2019ലെ ഈസ്റ്റര്‍ ആക്രമണത്തിന് (2019 Easter attack) ഇരയാക്കപ്പെട്ടവര്‍ക്ക് 310 മില്യണ്‍ രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയോടും (Maithripala Sirisena) നാല് മുന്‍ ഉദ്യോഗസ്ഥരോടും ഉത്തരവിട്ട് ശ്രീലങ്കന്‍ സുപ്രീം കോടതി.
വരാന്‍ പോകുന്ന ആക്രമണത്തെക്കുറിച്ച് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ഏറ്റവും വിനാശകരമായ ഒരു ഭീകരാക്രമണം തടയുന്നതില്‍ കാണിച്ച അവഗണനയുടെ പേരിലാണ് കോടതി പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ശ്രീലങ്കന്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഉത്തരവ് പുറത്തുവിട്ടത്.
പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് സിരിസേന തന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് 100 മില്യണ്‍ രൂപ (2.73,300 യു.എസ് ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.