| Friday, 29th July 2022, 8:06 am

ബാബര്‍ അസം ദുസ്വപ്‌നങ്ങളില്‍ കാണുന്ന മുഖം ഇനി ഇവന്റേതായിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന്റെ ശ്രീലങ്കന്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റ് അവസാനിച്ചത്. ആദ്യ ടെസ്റ്റില്‍ നേടിയ ആധികാരിക വിജയം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് പരമ്പര പിടിക്കാനിറങ്ങിയ പാകിസ്ഥാന്‍ പടയെ ചുരുട്ടിക്കെട്ടിയായിരുന്നു ശ്രീലങ്ക മത്സരം വിജയിച്ചത്.

246 റണ്‍സിനായിരുന്നു പാക് പടയുടെ തോല്‍വി. 508 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ 261 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

പാക് നായകന്‍ ബാബര്‍ അസമിനെ സംബന്ധിച്ച് ഈ പര്യടനം മോശം തന്നെയായിരുന്നു. ബാറ്റിങ്ങില്‍ തന്റെ സ്വാഭാവിക പ്രകടനം ആവര്‍ത്തിച്ചെങ്കില്‍ കൂടിയും ഫീല്‍ഡിങ്ങിലെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇതിനെല്ലാം പുറമെ പാക് നായകന്‍ ഒരര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യയുടെ ബണ്ണി കൂടിയാവുകയായിരുന്നു. രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നുമായി മൂന്ന് തവണയാണ് പ്രഭാത് ബാബറിനെ പുറത്താക്കിയത്.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മഹേഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങി പുറത്തായതൊഴിച്ചാല്‍ മറ്റ് മൂന്ന് തവണയും ബാബറിനെ മടക്കിയത് പ്രഭാത് തന്നെയായിരുന്നു.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു മിസ്റ്ററി ഡെലിവറിയിലൂടെയായിരുന്നു പ്രഭാത് ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കാതെ നിന്ന ബാബറിനറിയില്ലായിരുന്നു അത് കൊടുങ്കാറ്റിന് മുമ്പേയുള്ള ശാന്തതയായിരുന്നുവെന്ന്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ബാബറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പാകിസ്ഥാന് തുണയായതെങ്കില്‍ അതിന് അനുവദിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ജയസൂര്യ താരത്തെ മടക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ പ്രഭാത് ജയസൂര്യ ബാബറിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിലെ മൈന്‍ഡ് ഗെയിംസില്‍ ബാബര്‍ ഒരിക്കല്‍ക്കൂടി വീണപ്പോള്‍ 16 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്. ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു പ്രഭാത് പാക് നായകനെ മടക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ ബാബര്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ അവിടെയും വില്ലനായത് ജയസൂര്യ തന്നെയായിരുന്നു. ചെറുത്തുനില്‍പിന് ശ്രമിച്ച ബാബറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി പ്രഭാത് ഒരിക്കല്‍ക്കൂടി പാക് നായകനെ പവലിയനിലേക്ക് മടക്കി.

രണ്ടാം ഇന്നിങ്‌സില്‍ ബാബറിന്റേതടക്കം അഞ്ച് വിക്കറ്റായിരുന്നു പ്രഭാത് സ്വന്തമാക്കിയത്. പരമ്പരയിലെ നാല് ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയതാവട്ടെ 17 വിക്കറ്റും. ഇതോടെ പരമ്പരയിലെ താരമാവാനും പ്രഭാതിനായി.

164.2-35-414-17 എന്നതായിരുന്നു പരമ്പരയില്‍ ജയസൂര്യയുടെ സ്റ്റാറ്റ്‌സ്. 2.51 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്. ഗല്ലെയില്‍ പാകിസ്ഥാനോട് പൊരുതാന്‍ ടീമില്‍ ഇടംനേടിയപ്പോള്‍ മുമ്പ് ടീമിന് വേണ്ടി കളിച്ച ഒറ്റ ടെസ്റ്റ് മാത്രമായിരുന്നു താരത്തിന് കൈമുതലായിട്ടുണ്ടായിരുന്നത്.

ഈ ആറ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നുമായി 29 വിക്കറ്റാണ് പ്രഭാത് പിഴുതെറിഞ്ഞത്. തളര്‍ച്ചയില്‍ നിന്നും കരകയറുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് പ്രഭാത് ഒരു മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

Content Highlight: Sri Lankan spinner Prabhat Jayasuriya dismissed Pakistan skipper Babar Azam three times

We use cookies to give you the best possible experience. Learn more