ഒന്നുകില്‍ നിങ്ങള്‍ എന്റെ വീട് പുനര്‍നിര്‍മിച്ച് തരണം, അല്ലെങ്കില്‍ ശ്രീലങ്കയെ പുനര്‍നിര്‍മിക്കണം; പ്രക്ഷോഭകരോട് റനില്‍ വിക്രമസിംഗെ
World News
ഒന്നുകില്‍ നിങ്ങള്‍ എന്റെ വീട് പുനര്‍നിര്‍മിച്ച് തരണം, അല്ലെങ്കില്‍ ശ്രീലങ്കയെ പുനര്‍നിര്‍മിക്കണം; പ്രക്ഷോഭകരോട് റനില്‍ വിക്രമസിംഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 8:27 am

കൊളംബോ: തനിക്ക് തിരിച്ചുപോകാന്‍ ഒരു വീട് പോലുമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. താന്‍ സ്ഥാനമൊഴിഞ്ഞ് വീട്ടിലേക്ക് മടങ്ങണം (goes home) എന്ന് പ്രക്ഷോഭകര്‍ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല, കാരണം തനിക്ക് തിരികെ പോകാന്‍ ഒരു വീട് പോലുമില്ല എന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്.

നേരത്തെ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. അക്കാര്യം പരാമര്‍ശിച്ച് കൊണ്ടായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം.

”സ്വന്തമായി പോകാന്‍ ഒരു വീട് പോലുമില്ലാത്ത ഒരാളോട്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല,” വിക്രമസിംഗെ പറഞ്ഞു. വേണമെങ്കില്‍ വീട് പുതുക്കി പണിതതിന് ശേഷം പ്രക്ഷോഭകര്‍ക്ക് തന്നോട് ‘വീട്ടിലേക്ക് പോകാന്‍’ ആവശ്യപ്പെടാമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കും എന്ന പ്രക്ഷോഭകരുടെ ഭീഷണിക്കിടെ കൂടിയായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം. ”അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. കാരണം എനിക്ക് പോകാന്‍ ഒരു വീട് പോലുമില്ല,” അദ്ദേഹം പറഞ്ഞു.

തന്നോട് സമരക്കാര്‍ ‘വീട്ടിലേക്ക് പോകണം’ എന്ന് ആവശ്യപ്പെടുന്നത് വെറുതെ സമയം കളയലാണെന്നും ആ സമയം കൊണ്ട് നശിച്ചുപോയ തന്റെ വീട് പുനര്‍നിര്‍മിച്ച് തരാനാണ് പ്രക്ഷോഭകര്‍ ശ്രമിക്കേണ്ടതെന്നും പ്രസിഡന്റ് പറഞ്ഞു.

ഒന്നുകില്‍ തന്റെ വീടോ അല്ലെങ്കില്‍ ഈ രാജ്യത്തെയോ പുനര്‍നിര്‍മിക്കാനാണ് പ്രക്ഷോഭകര്‍ ശ്രമിക്കേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞതായി കൊളംബോ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ തിരിച്ചുവരവിനെക്കുറിച്ചും പ്രസിഡന്റ് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തി. ഗോതബയക്ക് ശ്രീലങ്കയിലേക്ക് തിരിച്ചുവരാന്‍ പറ്റിയ ശരിയായ സമയമല്ല ഇതെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

ഈ സമയത്തെ ഗോതബയയുടെ തിരിച്ചുവരവ് ശ്രീലങ്കയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും വിക്രമസിംഗെ അഭിമുഖത്തില്‍ പറഞ്ഞു.

”അദ്ദേഹത്തിന് തിരിച്ചുവരാന്‍ പറ്റിയ സമയമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ഉടന്‍ മടങ്ങിവരുമെന്ന ഒരു സൂചനയും എനിക്ക് ഇതുവരെയില്ല,” പ്രസിഡന്റ് പ്രതികരിച്ചു.

ഭരണ കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് സര്‍ക്കാര്‍ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനായി വിക്രമസിംഗെ ഗോതബയ രജപക്‌സെയുമായി നിരന്തരം ബന്ധപ്പെടാറുണ്ട് എന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: Sri Lankan President Ranil Wickremesinghe says the protesters must either rebuild the country or rebuild his house