തമിഴരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്; ഭരണഘടനയുടെ 13ാം ഭേദഗതി പൂര്‍ണമായും നടപ്പിലാക്കും: ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ
World News
തമിഴരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്; ഭരണഘടനയുടെ 13ാം ഭേദഗതി പൂര്‍ണമായും നടപ്പിലാക്കും: ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 10:42 am

കൊളംബോ: രാജ്യത്തെ തമിഴരുടെ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് വരികയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ.

മൂന്ന് പതിറ്റാണ്ട് നീണ്ട യുദ്ധവും കലാപവും അനുഭവിച്ച ശ്രീലങ്കയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ് ജനതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞത്.

ഞായറാഴ്ച ഉച്ചയ്ക്ക് ദേശീയ തായ് പൊങ്കല്‍ ഉത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാജ്യത്തെ തമിഴ് ജനതയുടെയും വടക്കന്‍ മേഖലയിലെയും പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. ഞാന്‍ എല്ലാ പാര്‍ട്ടി നേതാക്കളെയും പാര്‍ലമെന്റിലേക്ക് വിളിപ്പിച്ചു.

ഈ രാജ്യത്തെ ഒന്നിപ്പിക്കാനും ഐക്യം പുനസ്ഥാപിക്കാനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് ഞാന്‍ അവരോട് പറഞ്ഞു,” ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞു.

”പാര്‍ലമെന്റിലെ തമിഴ് പാര്‍ട്ടി എം.പിമാരുമായും ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് അനുരഞ്ജനമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ വരുന്ന ഫെബ്രുവരിയില്‍ രാജ്യത്തോട് പ്രഖ്യാപിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്ലാവരും ഐക്യത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നതിന് വേണ്ടി സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ സ്ഥാപിക്കുമെന്നും സമൂഹത്തിന്റെ എല്ലാ സെക്ഷനിലും പെട്ട ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുപോലെ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിഭാഗത്തില്‍ പെട്ടവരും പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സഹവസിക്കുകയും രാജ്യം സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്ന ഒരു പൊതു ശ്രീലങ്കന്‍ ഐഡന്റിറ്റിക്ക് വേണ്ടിയാണ് പോരാട്ടമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് പ്രതീക്ഷ പങ്കുവെച്ചു.

ശ്രീലങ്കന്‍ ഭരണഘടനയുടെ 13ാം ഭേദഗതി പൂര്‍ണമായും നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വടക്ക് മാത്രമല്ല, തെക്കന്‍ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിക്രമസിംഗെ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീലങ്കയില്‍ ന്യൂനപക്ഷമായ തമിഴ് സമുദായത്തിന് അധികാര വികേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടനയുടെ 13ാം ഭേദഗതി. ഇത് നടപ്പാക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ശ്രീലങ്കക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്.

Content Highlight: Sri Lankan President Ranil Wickremesinghe says the govt is discussing the problems of Tamil people