Advertisement
Sreelanka
ഈസ്റ്റര്‍ ദിനത്തില്‍ ബോംബാക്രമണം നടത്തിയവര്‍ ഇന്ത്യ സന്ദര്‍ശിച്ചതായി തെളിവൊന്നുമില്ല; ശ്രീലങ്കന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 01, 03:50 am
Saturday, 1st June 2019, 9:20 am

ന്യൂദല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബ് ആക്രമണം നടത്തിയവര്‍ ഇന്ത്യ സന്ദര്‍ശിച്ചതായി തനിക്ക് രാജ്യത്തെ സുരക്ഷ ഏജന്‍സികള്‍ ഒരു റിപ്പോര്‍ട്ടും തന്നിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് സിരിസേന ഇക്കാര്യം പറഞ്ഞത്.

അവര്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയതായി എനിക്ക് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. ഇന്ത്യയുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഒരു ബന്ധവും ഇത് വരെ എന്റെ ഓഫീസര്‍മാര്‍ പറഞ്ഞിട്ടില്ലെന്ന് സിരിസേന പറഞ്ഞു. ശ്രീലങ്കന്‍ ആര്‍മി ചീഫ് ലെഫ്.ജനറല്‍ മഹേഷ് സേനാനായകെ ബിബിസിയുമായി നടത്തിയ അഭിമുഖത്തിനിടെ പറഞ്ഞ വാക്കലുമായി ബന്ധപ്പെട്ടായിരുന്നു സിരിസേനയുടെ പ്രതികരണം.

250പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം നടത്തിയവരില്‍ ചിലര്‍ ഇന്ത്യയിലെ കശ്മീര്‍, കേരള, ബെംഗളൂരു എന്നിവിടങ്ങളില്‍ പരിശീലനം നടത്തുന്നതിന് വേണ്ടിയോ, മറ്റ് സമാന സംഘടനകളുമായി ബന്ധപ്പെടുന്നതിന് വേണ്ടി പോയിരുന്നു എന്നായിരുന്നു സേനാനായക അഭിമുഖത്തില്‍ പറഞ്ഞത്.

ഏപ്രില്‍ 21ന് ബോബ് ആക്രമണം നടന്നതിന് രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ തന്നെ ശ്രീലങ്കന്‍ സേനാ മേധാവികള്‍ അറിയിച്ചില്ല. ആക്രമണം നടക്കുന്ന സമയത്ത് സിരിസേന സിംഗപ്പൂരിലായിരുന്നു.

ഞാന്‍ ഏപ്രില്‍ 4 മുതല്‍ 16വരെ ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ കുറിച്ച് ഒരു സേനാ മേധാവിയും എന്നെ അറിയിച്ചില്ല. ആ സാധ്യതയെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ രാജ്യത്ത് നിന്ന് പോവില്ലായിരുന്നു. ഈ കാരണത്താലാണ് ഡിഫന്‍സ് സെക്രട്ടറിയെയും ഐ.ജി.പിയെയും മാറ്റിയതെന്നും സിരിസേന പറഞ്ഞു.

ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍
ശ്രീലങ്കയെ ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ പിന്തുണച്ചു. അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്രീലങ്കയിലെ തീവ്രവാദികള്‍ വിവിധ രാജ്യങ്ങളില്‍ അന്താരാഷ്ട്ര തീവ്രവാദികള്‍ നടത്തുന്ന പരിശീലനം നേടിയിട്ടുണ്ട്. തീവ്രവാദികളെല്ലാം ധനിക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പുറത്ത് നിന്നുള്ള സാമ്പത്തിക സഹായം ഇവര്‍ക്ക് ലഭ്യമായതായി തെളിവില്ലെന്നും സിരിസേന പറഞ്ഞു.