കൊളംബോ: ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കുന്നു. റനില്‍ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ രാജ്യത്ത് നടപടികള്‍ ശക്തമാക്കുന്നത്.
ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ഫ്രണ്ട്‌ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്തു.
എന്നാല്‍ പരിശോധന നടത്തിയ സംഘത്തിന്റെ പക്കല്‍ സെര്‍ച്ച് വാറന്റ് ഉണ്ടായിരുന്നില്ലെന്നും സിവില്‍ വേഷത്തില്‍ ഓഫീസില്‍ പരിശോധനക്കെത്തിയ സംഘത്തില്‍ ഒരാള്‍ മാത്രമാണ് പൊലീസ് യൂണിഫോം ധരിച്ചിരുന്നതെന്നും ഫ്രണ്ട്‌ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വക്താവ് ദുമിന്ദ നാഗമുവ പറഞ്ഞു.
2012ല്‍ ജനത വിമുക്തി പെരമുന പാര്‍ട്ടിയിലെ വിമത അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഫ്രണ്ട്‌ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി.
അതേസമയം, സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതു സ്വത്തുക്കള്‍ക്ക് തീ വെച്ചത് ഫ്രണ്ട്‌ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് ഭരണകക്ഷി നേതാക്കള്‍ ആരോപിക്കുന്നത്.
ഇതിനിടെ ശ്രീലങ്കന്‍ തൊഴിലാളി സംഘടനാ നേതാവും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥനുമായ ഉദേനി കാലുതന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി പ്രസിഡന്റിന്റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.
കൊളംബോയിലെ ഡാം സ്ട്രീറ്റ് പൊലീസിന് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ സമാഗി സേവക സംഗമയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ഉദേനി കാലുതന്ത്രി.
നേരത്തെ റനില്‍ വിക്രമസിംഗെ ജൂലൈ 20ന് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തന്നെ സൈന്യത്തെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ജൂലൈ 21 അര്‍ധരാത്രിയോടെയായിരുന്നു സൈനിക നടപടികള്‍ ആരംഭിച്ചത്.
തലസ്ഥാനമായ കൊളംബോയിലെ സര്‍ക്കാര്‍ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന പ്രക്ഷോഭകരെ അടിച്ചോടിച്ച സൈന്യം സമരപന്തലുകളും അടിച്ചുതകര്‍ത്തിരുന്നു. അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കം സമരത്തിന്റെ ഭാഗമായിരുന്ന നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടുകൂടി ഇരച്ചെത്തിയ സൈന്യം സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും സമരക്കാരെ ക്രൂരമായി ഉപദ്രവിച്ചെന്നും സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു.