| Monday, 25th July 2022, 11:58 pm

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പൂശിയ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് മോഷ്ടിച്ച 40 സ്വര്‍ണം പൂശിയ പിച്ചള സോക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 9ന് നടന്ന പ്രതിഷേധത്തിനിടെ പ്രസിഡന്റിന്റെ വസതിയില്‍ പ്രവേശിച്ച മൂന്ന് പേരാണ് ചുമരുകളില്‍ നിന്ന് 40 സ്വര്‍ണം പൂശിയ പിച്ചള സോക്കറ്റുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ശ്രീലങ്കന്‍ മാധ്യമമായ ഡെയ്ലി മിറര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മോഷ്ടിച്ച സാധനങ്ങള്‍ ഞായറാഴ്ച വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ വെലിക്കട പോലീസ് പിടികൂടിയത്. രാജഗിരിയയിലെ ഒബേശേഖരപുരയില്‍ താമസിക്കുന്ന 28, 34, 37 വയസുകള്‍ പ്രായമുള്ള പ്രതികളാണ് പിടിയിലായത്. മൂവരും മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ പ്രോക്ഷോഭത്തിന്റെ ഭാഗമയി പ്രതിഷേധക്കാര്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയും മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയും നേരത്തെ കയ്യടക്കിയിരുന്നു.

പ്രസിഡന്റ് ഗോതബയ രജപക്സെയുടെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറന്‍സി നോട്ടുകള്‍ എണ്ണുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ജൂലൈ 9ന് നൂറുകണക്കിന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്നാണ് വസതിയിലേക്ക് പ്രവേശിച്ചത്.

ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു. ഇതിനിടെ പ്രക്ഷോഭകര്‍ വസതിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

CONETNT HIGHLIGHTS: Sri Lankan Police Arrests 3 While Selling Stolen Gold-Plated Items From President’s Home

We use cookies to give you the best possible experience. Learn more