രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് രജപക്‌സെ; 'ഞാന്‍ ആരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം'
World News
രാജി വെക്കില്ലെന്ന് ആവര്‍ത്തിച്ച് രജപക്‌സെ; 'ഞാന്‍ ആരാണെന്നും എന്താണെന്നും ജനങ്ങള്‍ക്കറിയാം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 9:06 am

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് മഹീന്ദ രജപക്‌സെ. മഹീന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വിശദീകരണം.

പ്രസിഡന്റും ഇളയ സഹോദരനുമായ ഗോതബയ രജപക്‌സെ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോതബയയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും, റിപ്പോര്‍ട്ടുകളെ നിഷേധിച്ചുകൊണ്ട് മഹീന്ദ വ്യക്തമാക്കി.

പ്രസിഡന്റും താനും രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകുകയാണെന്നും മഹീന്ദ രജപക്‌സെ പറഞ്ഞു.

”ഇതെല്ലാം തെറ്റായ വാര്‍ത്തകളാണ്. ഗോതബയ രജപക്‌സെ പ്രസിഡന്റാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്.

അദ്ദേഹം എന്റെ ഇളയ സഹോദരനായിരിക്കാം. പക്ഷെ, അത് മറ്റൊരു കാര്യമാണ്. അത് വ്യക്തിപരമായ ബന്ധമാണ്,” ഡെയ്‌ലി മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹീന്ദ രജപക്‌സെ പറഞ്ഞു.

താന്‍ ആരാണെന്നും എന്താണെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ട് ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുമെന്നും മഹീന്ദ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയും അദ്ദേഹത്തിന്റെ മന്ത്രിസഭയും രാജിവെച്ച ശേഷം സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാമെന്നും എല്ലാ പാര്‍ട്ടികളുടെയും സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പ്രസിഡന്റ് ഗോതബയ പറഞ്ഞതായായിരുന്നു ചില ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശ്രീലങ്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

നേരത്തെ പ്രധാനമന്ത്രിക്ക് കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയും പുതിയ 17 അംഗ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഗോതബയ രജപക്സെയായിരുന്നു പുതിയ മന്ത്രിസഭയെ നിയമിച്ചത്.

അതേസമയം ഗോതബയയുടെയും മഹീന്ദയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുകയാണ്.

മഹീന്ദ രജപക്സെയുടെ വസതിക്ക് നേരെ രാജ്യത്തെ വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

നേരത്തെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ നടന്ന ശ്രീലങ്കന്‍ പൊലീസിന്റെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Sri Lankan PM Mahinda Rajapaksa says he won’t resign from the position, denies reports