കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെ മഹീന്ദ രജപക്‌സെയുടെ വസതി അഗ്നിക്കിരയായി.
ശ്രീലങ്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതിയാണ് പ്രതിഷേധ സമരക്കാര്‍ അഗ്നിക്കിരയായത്. പ്രസിഡന്റിന് രാജിക്കത്ത് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം.
മഹീന്ദയുടെ വസതിക്ക് പുറമെ എം.പിമാരായ സനത് നിഷാന്ത, രമേഷ് പതിരന, മഹിപാല ഹെരത്, തിസ്സ കുട്ട്യറച്ഛി, നിമല്‍ ലാന്‍സ എന്നിവരുടെ വസതികളും അഗ്നിക്കിരയായി.
അതേസമയം, പ്രസിഡന്റ് ഗോതബയ രജപക്സെയുടെ അനുകൂലികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധസമരക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും നിരവധി പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു മഹീന്ദയുടെ രാജി. കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുയര്‍ന്ന സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മഹീന്ദ രജപക്‌സെ രാജി വെച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെക്ക് മഹീന്ദ രാജിക്കത്ത് കൈമാറുകയായിരുന്നു.
മഹീന്ദയുടെ രാജിക്ക് പിന്നാലെ നടന്ന സംഘര്‍ഷങ്ങളില്‍ ഒരു ഭരണകക്ഷി എം.പി വെടിയേറ്റ് മരിച്ചു. അമരകീര്‍ത്തി അത്കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു. എം.പിയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ ജനക്കൂട്ടം വളഞ്ഞിരുന്നു. ഇതോടെ എം.പി സ്വയം ജീവനൊടുക്കയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ പല സ്ഥലത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും നൂറ്റമ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.